തൃശൂർ: കാലങ്ങളായി മുസ്ലിം ലീഗ് മത്സരിക്കുന്ന ഗുരുവായൂർ നിയമസഭാ മണ്ഡലം ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കണമെന്ന് തൃശൂർ ഡിസിസി. ഗുരുവായൂരിൽ കൈപ്പത്തി ചിഹ്നത്തിൽ ഒരു സ്ഥാനാർത്ഥി മത്സരിക്കണമെന്നാണ് പ്രവർത്തകരുടെ ആഗ്രഹമെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് വ്യക്തമാക്കി. എന്നാൽ സീറ്റ് വിട്ടുനൽകില്ലെന്ന കർശന നിലപാടിലാണ് ലീഗ് നേതൃത്വം.(Congress targeting Guruvayur seat, Muslim League takes strict stance against it)
വർഷങ്ങളായി എൽഡിഎഫ് വിജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂർ. ലീഗ് പല പരീക്ഷണങ്ങൾ നടത്തിയിട്ടും മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കാത്തതാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേരിട്ട് ഇറങ്ങണമെന്ന ആവശ്യം ശക്തമാണെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ വിജയസാധ്യതയുള്ള ആരെയും പാർട്ടിക്ക് പരിഗണിക്കാമെന്ന് ടാജറ്റ് പറഞ്ഞു. കെ. മുരളീധരൻ വിജയസാധ്യതയില്ലാത്ത നേതാവല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ല.
സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. മുന്നണി മര്യാദകൾ ലംഘിച്ച് കോൺഗ്രസ് ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നാണ് ലീഗിന്റെ പക്ഷം.