കോഴിക്കോട്: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. രാഹുലിന് രാഷ്ട്രീയ സംരക്ഷണവും പിന്തുണയും നൽകുന്നത് കോൺഗ്രസ് നേതൃത്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോഴിക്കോട് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.(Congress should ask Rahul Mamkootathil to resign, says TP Ramakrishnan)
രാഹുലിനെതിരെയുള്ള ആരോപണങ്ങൾ അതീവ ഗുരുതരമാണ്. സ്ത്രീത്വത്തെ മാനിക്കുന്നുണ്ടെങ്കിൽ കോൺഗ്രസ് നേതൃത്വം പരാതിക്കാരിയെ കേൾക്കാൻ തയ്യാറാകണമായിരുന്നു. എംഎൽഎ സ്ഥാനം രാജിവെപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുകേഷ് എംഎൽഎയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങളേക്കാൾ എത്രയോ മടങ്ങ് ഗുരുതരമാണ് രാഹുലിനെതിരെ ഇപ്പോൾ വന്നിരിക്കുന്ന പരാതികൾ. മുകേഷിന്റെ കാര്യത്തിൽ എന്താണ് സംഭവിച്ചതെന്ന് എല്ലാവർക്കും അറിയാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാറാട് കലാപവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയെ പരാമർശിച്ച് എ.കെ. ബാലൻ നടത്തിയത് പാർട്ടി നിലപാടല്ലെന്ന് ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിരീക്ഷണം മാത്രമാണ്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കാൻ സി.പി.എം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.