തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നത് അതീവ ഗുരുതരമായ പരാതിയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. പുറത്തുവന്ന ടെലഫോൺ സംഭാഷണങ്ങളിൽ നിന്ന് ഗൗരവകരമായ കാര്യങ്ങളാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.(Congress openly supports the accused, Minister V Sivankutty on Rahul Mamkootathil issue)
രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന കേസിൽ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രതിയെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി ശിവൻകുട്ടി വിമർശിച്ചു. "ഷാഫി പറമ്പിലായാലും കെ. സുധാകരനായാലും പരസ്യമായ പിന്തുണ നൽകുന്നതിൽ ഒരു മടിയും കാണിക്കുന്നില്ല. അത് കേരള ജനതയോടും സ്ത്രീകളോടുമുള്ള വെല്ലുവിളിയായാണ് കാണാൻ സാധിക്കുന്നത്." – മന്ത്രി പ്രതികരിച്ചു.
അതിജീവിതയെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഓരോരുത്തരുടെയും സംസ്കാരം അനുസരിച്ചാണ് പ്രതികരിക്കുന്നത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. സർക്കാരിന് മുന്നിൽ വന്ന പരാതിയിൽ നിയമാനുസൃതമായ നടപടിയിലൂടെ തന്നെ മുന്നോട്ട് പോകുമെന്നും ഈ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.
അന്തസ്സും മാന്യതയുമുണ്ടെങ്കിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. "അത് രണ്ടും രാഹുലിന് ഇല്ലെന്ന് അറിയാം," എന്നും മന്ത്രി കൂട്ടിച്ചേർത്തു. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനൊപ്പം തന്നെ, കോൺഗ്രസിന്റെ പൊതുസമൂഹത്തോടുള്ള ഈ സമീപനം ചർച്ചയാക്കപ്പെടും എന്നതിൽ സംശയമില്ലെന്നും വി. ശിവൻകുട്ടി വ്യക്തമാക്കി.