'കേരളത്തിൻ്റെ രാഷ്ട്രീയ ഭാവിയിൽ കോൺഗ്രസിന് ഇനി സ്ഥാനമില്ല, ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഇനി ഉണ്ടാകില്ല': EP ജയരാജൻ | Congress

പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Congress no longer has a place in Kerala's political future, EP Jayarajan
Published on

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസിന് സ്ഥാനമില്ലെന്നും, സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോൺഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോൺഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും അദ്ദേഹം പരിഹസിച്ചു.(Congress no longer has a place in Kerala's political future, EP Jayarajan)

"കേരളം ഒരു പുതിയ ദിശയിലേക്ക് സഞ്ചരിക്കുകയാണ്. സംസ്ഥാനം ഒരു പുതിയ നാടായി രൂപപ്പെടുകയാണ്. കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഐശ്വര്യ സമൃദ്ധമായ ഈ പുതിയ കേരളത്തോടൊപ്പം സഞ്ചരിക്കുകയാണ്. ഇവിടെ കുറെ ആളുകൾ മുഖ്യമന്ത്രിയാകാൻ പുറപ്പെട്ടിട്ടുണ്ട്. ആര് മുഖ്യമന്ത്രിയാവാൻ പുറപ്പെട്ടാലും കേരളത്തിൽ അവർ ആരും ഇനി മുഖ്യമന്ത്രി ആകാൻ പോകുന്നില്ല. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാകില്ല," ഇ.പി. ജയരാജൻ പറഞ്ഞു.

എൽ.ഡി.എഫ്. ഐക്യം സുശക്തം

കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം. ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുന്നണിയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ, ചർച്ച ചെയ്ത് ഐക്യത്തോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

"കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സുശക്തമായാണ് നിലകൊള്ളുന്നത്. നിലവിലെ സാഹചര്യങ്ങൾ മുതലെടുത്ത് മുന്നണിയെ ദുർബലപ്പെടുത്താൻ സാധിക്കുമെന്നോ, പാർട്ടിക്കകത്ത് കുഴപ്പം ഉണ്ടാക്കാൻ സാധിക്കുമെന്നോ ഇടതുപക്ഷ വിരോധികൾ ധരിക്കുന്നുണ്ടെങ്കിൽ, അത് കേരളത്തിൽ നടപ്പിലാകാൻ പോകുന്നില്ല. ഇന്ന് രാജ്യം നേരിടുന്ന ഗൗരവമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇടതുപക്ഷത്തിന്റെ ഐക്യം വളരെ പ്രസക്തമാണ്." അദ്ദേഹം പറഞ്ഞു.

കേരള താൽപര്യം സംരക്ഷിക്കും

കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം പൊതുവായി ചർച്ച ചെയ്ത്, കേരളത്തിന്റെ താൽപ്പര്യങ്ങളും ജനതയുടെ താൽപ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് ഒരു നിലപാട് സ്വീകരിച്ച് പ്രവർത്തിക്കുന്ന ഗവൺമെന്റാണ് ഇവിടെയുള്ളത്. ഏതെങ്കിലും ഒരു വിഷയത്തെക്കുറിച്ച് മുന്നണിയിലെ ഘടക പാർട്ടികൾക്കോ മറ്റുള്ളവർക്കോ അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ, ആ അഭിപ്രായങ്ങൾ പറയുകയും ചർച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യുമെന്നാണ് ഇ പി പറഞ്ഞത്.

കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക എന്നുള്ളതാണ് എൽ.ഡി.എഫ്. ഗവൺമെന്റിന്റെ പ്രഥമ ലക്ഷ്യം. ആർ.എസ്.എസിന്റെ അജണ്ടയൊന്നും കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റ് നടപ്പിലാക്കാൻ സമ്മതിക്കില്ലെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ രംഗത്ത് കേരളം ഉന്നത നിലവാരം വെച്ചു പുലർത്തുന്ന സംസ്ഥാനമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എം. ശ്രീ പദ്ധതിയിൽ സി.പി.ഐക്ക് അവ്യക്തത ഉണ്ടോ എന്ന കാര്യം അറിയില്ലെന്നും ചർച്ച ചെയ്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com