തിരുവനന്തപുരം: നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ഞെട്ടിച്ച് രാഷ്ട്രീയ അട്ടിമറി. ഗ്രൂപ്പ് പോരിനെത്തുടർന്ന് പാർട്ടി ഔദ്യോഗിക സ്ഥാനാർത്ഥി പരാജയപ്പെടുകയും എൽഡിഎഫ് പിന്തുണയോടെ വിമത സ്ഥാനാർത്ഥി ആസിഫ് കടയിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 12 അംഗങ്ങളുണ്ടായിട്ടും ഐക്യമില്ലാതിരുന്നത് കോൺഗ്രസിന് തിരിച്ചടിയായി.(Congress loses power in Navaikulam, Rebel becomes president with LDF support)
ആകെ 24 അംഗങ്ങളുള്ള പഞ്ചായത്തിൽ കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷം (12 സീറ്റുകൾ) ഉണ്ടായിരുന്നു. എൽഡിഎഫിനും ബിജെപിക്കും ആറ് വീതം അംഗങ്ങളാണുള്ളത്. വിമതനായ ആസിഫ് കടയിലിന് പത്ത് വോട്ടുകൾ ലഭിച്ചു (6 എൽഡിഎഫ് വോട്ടുകളും 4 കോൺഗ്രസ് വോട്ടുകളും). കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥി ജിഹാദിന് എട്ട് വോട്ടുകൾ മാത്രമേ ലഭിച്ചുള്ളൂ. ബിജെപി സ്ഥാനാർത്ഥിക്ക് സ്വന്തം പാർട്ടിയുടെ ആറ് വോട്ടുകളും ലഭിച്ചു.
പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വർക്കല കഹാർ പക്ഷവും എം.എം. താഹ പക്ഷവും തമ്മിലുണ്ടായ കടുത്ത തർക്കമാണ് അട്ടിമറിക്ക് വഴിവെച്ചത്. ആദ്യ രണ്ടര വർഷം ജിഹാദിനും അടുത്ത രണ്ടര വർഷം കുടവൂർ നിസാമിനും പ്രസിഡന്റ് സ്ഥാനം നൽകാമെന്നായിരുന്നു ജില്ലാ നേതൃത്വത്തിന്റെ ധാരണ.