രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുന്നു ; സസ്‌പെന്‍ഷന്‍ വെറും നാടകം മാത്രമെന്ന് വി ശിവന്‍കുട്ടി | v sivankutty

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് രാഹുല്‍ മാറാതെ നില്‍ക്കുന്നത് എല്‍ഡിഎഫിന് ഗുണമാണ്.
v sivankutty

തിരുവനന്തപുരം: കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന പരാതി അതീവ ഗുരുതരമാണെന്നും വിഷയത്തിൽ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നത് ഒളിച്ചുകളി നിലപാടാണെന്നും മന്ത്രി വി ശിവൻകുട്ടി. അതീവ ഗുരുതരമായ ആരോപണമാണ് നിരന്തരം ഉയര്‍ന്ന് വരുന്നതെന്നും വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒളിച്ചുകളിക്കുകയാണ് എന്നും വി ശിവന്‍കുട്ടി പറഞ്ഞു.

ഒരു പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചു എന്ന് മാത്രമല്ല, ഗർഭം ധരിക്കാൻ ആവശ്യപ്പെട്ട ശേഷം നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കി എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. ഇത് കേവലം ഒരു രാഷ്ട്രീയ വിഷയമല്ലെന്നും, മറിച്ച് സ്ത്രീത്വത്തിന് നേരെയുള്ള കടന്നുകയറ്റവും ക്രിമിനൽ കുറ്റവുമാണ് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിനെ സസ്‌പെൻഡ് ചെയ്തുവെന്ന കോൺഗ്രസ് പ്രഖ്യാപനം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും 'നാടകം' മാത്രമാണെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. സസ്‌പെൻഷൻ പ്രഖ്യാപിക്കപ്പെട്ട വ്യക്തി തന്നെ കോൺഗ്രസിൻ്റെ ഔദ്യോഗിക വേദികളിലും തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തും സജീവമായി നിൽക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഈ സാഹചര്യത്തിൽ, സസ്‌പെൻഷൻ നടപടി കടലാസിൽ മാത്രമാണോ എന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഹുലിനെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. സ്ത്രീകളോടും വോട്ടര്‍മാരോടുമുളള വെല്ലുവിളിയാണത്. കോണ്‍ഗ്രസിന്റെ അധാര്‍മിക രാഷ്ട്രീയമാണ് വെളിവാകുന്നത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് രാഹുല്‍ മാറാതെ നില്‍ക്കുന്നത് എല്‍ഡിഎഫിന് ഗുണമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടില്ലെന്നും അത് അയാളും കോണ്‍ഗ്രസും തീരുമാനിക്കേണ്ട കാര്യമാണ്. ശാസ്ത്ര വേദിയില്‍ രാഹുലിനൊപ്പം വേദി പങ്കിട്ടുവെന്നത് ശരിയാണെന്നും കുട്ടികളെ ഓര്‍ത്താണ് അന്ന് ഇറങ്ങി പോകാതിരുന്നതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
Times Kerala
timeskerala.com