'ഒറ്റച്ചാട്ടത്തിന് BJPയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്, അതാണ് മറ്റത്തൂരിൽ കണ്ടത്': പരിഹസിച്ച് മുഖ്യമന്ത്രി, പരിഹാസ്യപരമെന്ന് മറുപടി നൽകി VD സതീശൻ| Congress

എൽഡിഎഫിനെ തടയാൻ ആണ് ഈ സഖ്യമെന്നും അദ്ദേഹം പറഞ്ഞു
1
Updated on

തിരുവനന്തപുരം: തൃശൂർ മറ്റത്തൂർ പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്ന സംഭവത്തിൽ കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്താൻ തക്കം പാർത്തിരിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും അരുണാചൽ പ്രദേശിലും ഗോവയിലും കണ്ട കൂറുമാറ്റത്തിന്റെ 'കേരള മോഡൽ' ആണ് മറ്റത്തൂരിൽ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.(Congress is the party that is ready to join BJP in one fell swoop, CM mocks)

മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച എട്ട് അംഗങ്ങളും മരുന്നിന് പോലും ഒരാളെ ബാക്കിവെക്കാതെ ബിജെപിയിലേക്ക് പോയി. കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാൻ കോൺഗ്രസ്സുകാർക്ക് മനസ്സാക്ഷിക്കുത്തില്ലെന്ന് ഇത് തെളിയിക്കുന്നു. 2016-ൽ അരുണാചൽ പ്രദേശിലും 2019-ൽ ഗോവയിലും കോൺഗ്രസ് എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നതിന് സമാനമാണ് മറ്റത്തൂരിലെ സാഹചര്യം. കേരളം ഇതുവരെ പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചായത്തിൽ എൽഡിഎഫ് ഭരണത്തിൽ വരുന്നത് തടയാനാണ് കോൺഗ്രസ് നേതാക്കൾ ബിജെപിയോടൊപ്പം പോയത്. ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാൽ പോകുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ പ്രഖ്യാപനമാണ് അനുയായികൾ നടപ്പിലാക്കിയത്. സ്വയം വിൽക്കാനുള്ള കോൺഗ്രസ്സിന്റെ ഈ സന്നദ്ധതയാണ് ബിജെപിയുടെ കേരള വ്യാമോഹങ്ങൾക്ക് വളമിടുന്നത്. പലയിടങ്ങളിലും കോൺഗ്രസ്-ബിജെപി അഡ്ജസ്റ്റ്മെന്റ് നിലനിൽക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റു തൊപ്പിയിട്ടിരിക്കുമ്പോഴും കോൺഗ്രസിനെ പരിഹസിക്കാൻ വരുന്ന മുഖ്യമന്ത്രിയുടെ നടപടി പരിഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മറ്റത്തൂർ പഞ്ചായത്തിലെ കൂറുമാറ്റത്തെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ വിമർശനങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

മറ്റത്തൂരിൽ ആരും കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടില്ല. മറിച്ച്, ഒരു വിമതനെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്. പാർട്ടിയോട് ആലോചിക്കാതെ തീരുമാനമെടുത്തവർക്കെതിരെ കോൺഗ്രസ് ഇതിനകം നടപടി എടുത്തു കഴിഞ്ഞു. എന്നാൽ ബിജെപിയിൽ ആളെ കൂട്ടണമെന്നത് മുഖ്യമന്ത്രിയുടെ ആഗ്രഹമാണെന്നും സതീശൻ ആരോപിച്ചു.

തിരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. തോൽവിയെക്കുറിച്ച് പഠിക്കുന്നതിന് പകരം മറ്റത്തൂർ പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ ചർച്ചയാക്കി രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നരേന്ദ്ര മോദി എവിടെ ഒപ്പിടാൻ പറഞ്ഞാലും ഒപ്പിട്ടു കൊടുക്കുന്ന ആളാണ് പിണറായി വിജയൻ. ആർ.എസ്.എസ് നേതാവ് ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടില്ലെന്ന് പറയാൻ എം.വി. ഗോവിന്ദൻ മാത്രമേ കാണൂ. എന്നാൽ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവന്നു കഴിഞ്ഞു. സി.പി.എമ്മിനെതിരെ മിണ്ടിയാൽ വീട്ടിൽ പോലീസ് വരുന്ന അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് സതീശൻ സൂചിപ്പിച്ചു. എ.ഐ.സി.സിയും രാഹുൽ ഗാന്ധിയും നിർദ്ദേശിച്ചതുപ്രകാരം യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാധാന്യം നൽകും. പഴയ തലമുറയെ പാടെ മാറ്റിനിർത്തും എന്നതിനർത്ഥമില്ല. പാർട്ടിയെ സജീവമാക്കാൻ പുതിയ മുഖങ്ങൾ വരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com