കോഴിക്കോട്: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയിൽ സന്തോഷം രേഖപ്പെടുത്തി എം.എ. ഷഹനാസ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു എന്ന് ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചു.(Congress has expelled Rahul Mamkootathil, says MA Shahnaz)
രാഹുലിനെതിരെ പരാതി ഉന്നയിച്ചതിന് പിന്നാലെ നേരിട്ട സംഘടനാപരമായ നടപടികളെക്കുറിച്ചും ഷഹനാസ് പോസ്റ്റിൽ സൂചിപ്പിച്ചു. "പുറത്താക്കി കോൺഗ്രസ്. എന്നെയല്ല, രാഹുൽ മാങ്കൂട്ടത്തിലിനെ. എന്നെ റിമൂവ് ചെയ്ത് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയ വ്യക്തി തന്നെ തിരിച്ചു എടുത്തിട്ടുണ്ട്. ഈ നിമിഷവും ഞാൻ കോൺഗ്രസിന് അകത്ത് തന്നെയാണ്. സ്ത്രീകൾക്ക് ഒപ്പം കോൺഗ്രസ് നിൽക്കുന്ന ഈ ശക്തമായ നിലപാട് അഭിമാനം ഉണ്ടാക്കുന്നു."
മഹിളാ കോൺഗ്രസിൽ അമ്മയുടെ പ്രായമുള്ളവർക്ക് വരെ രാഹുലിൽ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ഷഹനാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. രാഹുലിനെതിരെ പരാതി പറഞ്ഞപ്പോഴുള്ള ഷാഫി പറമ്പിലിന്റെ മൗനം പരിഹാസമായി തോന്നി. താൻ പറഞ്ഞത് കള്ളമാണെന്ന് ഷാഫി പറഞ്ഞാൽ തെളിവ് പുറത്തുവിടുമെന്നും ഷഹനാസ് വ്യക്തമാക്കിയിരുന്നു. കർഷക സമരത്തിൽ പങ്കെടുത്ത് ഡൽഹിയിൽ പോയി തിരിച്ചുവന്നപ്പോൾ രാഹുൽ മോശം സന്ദേശം അയച്ചതായി ഷഹനാസ് വെളിപ്പെടുത്തി. "ഡൽഹിയിൽ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ" എന്നായിരുന്നു സന്ദേശം. ഇക്കാര്യം ഷാഫി പറമ്പിലിനെ അറിയിച്ചിരുന്നതായും അവർ പറഞ്ഞു.
സ്ത്രീകളോട് മോശമായി പെരുമാറുന്ന രാഹുലിനെ അധ്യക്ഷനാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. സ്ത്രീ എന്ന രീതിയിൽ തന്റെ പരാതി അന്ന് പരിഗണിച്ചിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് പുറത്താക്കൽ തീരുമാനം എടുത്തത്.
നിലവിൽ സസ്‌പെൻഷനിലായിരുന്ന രാഹുലിനെ ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കോൺഗ്രസ് മാതൃകാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നതെന്നും, രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നടപടി ഹൈക്കമാൻഡുമായി ചർച്ച ചെയ്ത് ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.