ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെച്ചൊല്ലി മണ്ണഞ്ചേരി നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയിൽ ഏറ്റുമുട്ടൽ. സംഘർഷത്തിനിടെ മാരാരിക്കുളം ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് എൻ. ചിദംബരന് തലയ്ക്ക് പരിക്കേറ്റു. കസേര കൊണ്ടുള്ള ഏറിൽ നെറ്റി മുറിഞ്ഞ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.(Congress group fight, Former block president injured)
ബുധനാഴ്ച രാത്രി എട്ട് മണിയോടെ മണ്ഡലം ഓഫീസിൽ ചേർന്ന യോഗത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മണ്ണഞ്ചേരി ബ്ലോക്ക് ഡിവിഷനിൽ എസ്.ഡി.പി.ഐ (SDPI) സ്ഥാനാർത്ഥിയെ വിജയിപ്പിക്കാൻ കോൺഗ്രസ് വോട്ടുകൾ മറിച്ചുവെന്ന ആരോപണമാണ് തർക്കത്തിന് തുടക്കമിട്ടത്. സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആഷിക് ആശാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
മണ്ണഞ്ചേരിയിലെ വിവിധ വാർഡുകളിൽ കോൺഗ്രസ് നേതാക്കൾ പരാജയപ്പെടാൻ കാരണം വേണുഗോപാൽ പക്ഷമാണെന്ന് ചെന്നിത്തല വിഭാഗം ആരോപിച്ചു. ഇതിനെതിരെ വേണുഗോപാൽ പക്ഷം തിരിച്ചും ആരോപണങ്ങൾ ഉന്നയിച്ചതോടെ യോഗം അസഭ്യവർഷത്തിലേക്കും കയ്യാങ്കളിയിലേക്കും നീങ്ങി.