തിരുവനന്തപുരം: 2026 ൽ ഭരണം പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ്. പ്രചാരണത്തിന് ആധുനിക സാങ്കേതികവിദ്യ (എ ഐ) ഉപയോഗിക്കണമെന്ന് നിർദ്ദേശം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് എ.കെ. ആന്റണിയാണ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.ലിജുവിനോടും ശാസ്ത്രവേദി ചെയർമാൻ പ്രഫ. അച്യുത് ശങ്കറിനോടും ഇക്കാര്യം പറഞ്ഞത്. എഐ സംബന്ധിച്ച പരിശീലനം നമ്മുടെ മുതിർന്ന നേതാക്കൾ അടക്കമുള്ള എല്ലാ നേതാക്കൾക്കുമ്മ നൽകണമെന്നാണ് നിർദ്ദേശം.
എന്തായാലും ആന്റണിയെ അനുസരിക്കാൻ തന്നെ പാർട്ടി തീരുമാനിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു രണ്ടു മണിക്ക് കെപിസിസി ഭാരവാഹികൾക്കും ഡിസിസി പ്രസിഡന്റുമാർക്കും എഐയിൽ പരിശീലന ക്ലാസ് ഉണ്ടായിരിക്കും. സംസ്ഥാനത്ത്, ഒരു മുഖ്യധാര രാഷ്ട്രീയ പാർട്ടി അവരുടെ ഉന്നത നേതാക്കൾക്ക് എഐയിൽ ക്ലാസ് സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്. "രാഷ്ട്രീയ പ്രവർത്തനത്തിൽ നിർമിത ബുദ്ധിയുടെ സാധ്യതകൾ" എന്ന ആമുഖത്തോടെ എഐ ഉപയോഗിച്ചുള്ള ലൈവ് ഡെമോയാണ് ആദ്യം പഠിപ്പിക്കുന്നത്.
നേതാക്കളുടെ താൽപര്യം അനുസരിച്ചു കൃത്യമായ സമയങ്ങളിൽ പരിശീലനം നൽകാനാണ് തീരുമാനം. മുതിർന്ന നേതാക്കൾ അടക്കമുള്ളവർ ക്ലാസിൽ പങ്കെടുക്കും. ക്ലാസിനു വേണ്ടിയുള്ള മൊഡ്യൂൾ ഉൾപ്പെടെ അച്യുത് ശങ്കർ തയാറാക്കിയിട്ടുണ്ടെന്നാണ് വിവരം. രാവിലെ ഭാരവാഹി യോഗത്തിന് ഇന്ദിരാഭവനിൽ എത്തുന്ന നേതാക്കൾ ഉച്ചകഴിഞ്ഞ് കർശനമായും ക്ലാസിൽ കയറണമെന്നാണ് പാർട്ടിയുടെ നിർദേശം.
എഐ എവിടെയൊക്കെ ഉപയോഗിക്കണം, തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആവിഷ്കരണം, തിരഞ്ഞെടുപ്പ് പ്രവചനം, നിയമങ്ങളും ബില്ലുകളും വിലയിരുത്തി പത്രക്കുറിപ്പ് തയാറാക്കൽ, പ്രകടന പത്രിക തയാറാക്കൽ, പ്രസംഗം തയാറാക്കാനും ടെലിവിഷൻ ചർച്ചകളിൽ പങ്കെടുക്കാനുള്ള പോയിന്റുകൾക്കും, പ്രചാരണ വിഡിയോകളും പാട്ടുകളും കാർട്ടൂണുകളും തയാറാക്കാൻ, ചാറ്റ്‌ബോട്ടുകളുടെ ഉപയോഗം, വാർത്തകളെയും ഫെയ്സ്ബുക് കമന്റുകളെയും എക്സ് പോസ്റ്റുകളെയും വിലയിരുത്താൻ, വോയ്സ് ഓവർ വിഡിയോകൾ തയാറാക്കാൻ, ദൈനംദിന രാഷ്ട്രീയ പ്രവർത്തനത്തിനും വോയ്സ് ടൈപ്പിങ്ങിനും ഇങ്ങനെപോകുന്നു എ ഐയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ.
കൂടാതെ, എം.വി. ഗോവിന്ദൻ പറഞ്ഞുപോലെ എഐ സോഷ്യലിസം കൊണ്ടുവരുമോ എന്ന ചർച്ചയും നേതാക്കൾ നടത്തും. എഐ ഇടപെടലുകളിൽ യുഎസിനെ ചൈന മറിക്കടക്കുമോ, എന്താണ് എഐ ടൂളുകൾ, എന്താണ് ചാറ്റ് ജിപിടി, ഗൂഗിളും ചാറ്റ് ജിപിടിയും തമ്മിലുള്ള വ്യത്യാസം തുടങ്ങിയ അടിസ്ഥാന കാര്യങ്ങളും നേതാക്കൾ പഠിക്കും.
എഐയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ പ്രസ്താവനകൾ വാർത്തയായതോടെയാണ് കോൺഗ്രസും ആ വഴി നോക്കാൻ തയ്യാറെടുക്കുന്നത്. എന്തൊക്കെ എ ഐ സാങ്കേതിക വിദ്യയുണ്ടെങ്കിലും ആര് ഭരിക്കണമെന്നത് പൊതുജനങ്ങളുടെ 'വിരൽത്തുമ്പ്' എന്ന സാങ്കേതിക വിദ്യയല്ലേ തീരുമാനിക്കുന്നത്. . . .