

കോഴിക്കോട്: കഴിഞ്ഞ കാൽനൂറ്റാണ്ടായി കോഴിക്കോട് ജില്ലയിൽ നേരിടുന്ന തിരിച്ചടിക്ക് ഇത്തവണ അന്ത്യമുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലുണ്ടായ അപ്രതീക്ഷിത മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് യു.ഡി.എഫ് കണക്കുകൂട്ടുന്നത്.(Congress determined to take Kozhikode, Will the 25-year wait end?)
2001-ൽ കോഴിക്കോട് നോർത്തിൽ നിന്ന് എ. സുജനപാലും കൊയിലാണ്ടിയിൽ നിന്ന് പി. ശങ്കരനും വിജയിച്ചതിന് ശേഷം കോഴിക്കോട് ജില്ലയിൽ നിന്ന് ഒരു കോൺഗ്രസ് എം.എൽ.എ പോലും നിയമസഭയിൽ എത്തിയിട്ടില്ല. എം.കെ. രാഘവൻ എം.പി മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമ്പോഴും, ആ വോട്ടുകൾ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് മാറ്റിയെടുക്കാൻ യു.ഡി.എഫിന് സാധിച്ചിരുന്നില്ല.
ഇത്തവണ കാര്യങ്ങൾ മാറിമറിയുന്നു എന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ദീർഘകാലത്തിന് ശേഷം ജില്ലാ പഞ്ചായത്ത് പിടിച്ചെടുത്തതും, കോർപ്പറേഷൻ ഭരണത്തിന്റെ അരികിലെത്തിയതും ഗ്രാമപഞ്ചായത്തുകളിൽ നേടിയ വലിയ വിജയവും പാർട്ടിയുടെ തിരിച്ചുവരവിന്റെ സൂചനയായി അവർ കാണുന്നു. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളായ 13 മണ്ഡലങ്ങളിൽ ഭൂരിഭാഗത്തിലും തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ നേടി.