

തിരുവനന്തപുരം: 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരം തിരിച്ചുപിടിക്കാൻ അടിമുടി മാറ്റങ്ങളുമായി കോൺഗ്രസ്. സുനിൽ കനഗോലുവിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ സർവേയുടെ അടിസ്ഥാനത്തിലാകും ഇത്തവണ സ്ഥാനാർത്ഥി നിർണ്ണയം. കനഗോലുവിന്റെ ടീം തയ്യാറാക്കിയ വിജയസാധ്യതാ പട്ടിക ഇതിനോടകം ഹൈക്കമാൻഡിന് കൈമാറിക്കഴിഞ്ഞു.(Congress Candidate selection based on survey, report handed over to the high command)
കർണാടക ആസ്ഥാനമായുള്ള ഏജൻസി കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നേരിട്ടെത്തിയാണ് പഠനം നടത്തിയത്. ജനസമ്മതിയും വിജയസാധ്യതയും മാത്രമാകും മാനദണ്ഡം. എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്ന കാര്യത്തിലും സർവേ റിപ്പോർട്ട് നിർണ്ണായകമാകും.
യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്നതോടൊപ്പം, ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. സർവേ സംഘം എല്ലാ ഡിസിസി പ്രസിഡന്റുമാരെയും നേരിൽ കണ്ട് മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് അന്തിമരൂപം നൽകാൻ ലക്ഷ്യമിട്ടുള്ള കെപിസിസി നേതൃ ക്യാമ്പ് ഇന്ന് വയനാട് സുൽത്താൻ ബത്തേരിയിൽ ആരംഭിക്കും. കെപിസിസി ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ തുടങ്ങി 200-ഓളം നേതാക്കൾ രണ്ട് ദിവസത്തെ ചിന്തൻ ശിബിരത്തിൽ പങ്കെടുക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുക, പോരായ്മകൾ പരിഹരിക്കുക, വരാനിരിക്കുന്ന സമര പരിപാടികൾ നിശ്ചയിക്കുക എന്നിവയാണ് പ്രധാന അജണ്ട. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നത്.