കൊച്ചി: സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന പരാതിയെത്തുടർന്ന് വിദ്യാർത്ഥികൾക്ക് നേരെ കത്തിവീശിയ സംഭവത്തിൽ ചിക്കിംഗ് എം.ജി. റോഡ് ഔട്ട്‌ലെറ്റ് മാനേജറെ പുറത്താക്കി. അക്രമം ഒരുകാരണവശാലും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കമ്പനിയുടെ നടപടി. (Conflict over lack of chicken in sandwich, Manager fired)
സി.ബി.എസ്.ഇ സ്കൂൾ സംസ്ഥാന കായികമേളയ്ക്കെത്തിയ വിദ്യാർത്ഥികൾ എം.ജി. റോഡിലെ ചിക്കിംഗ് ഔട്ട്‌ലെറ്റിൽ സാൻവിച്ച് കഴിക്കാനെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. വിളമ്പിയ സാൻവിച്ചിൽ പേരിന് പോലും ചിക്കൻ ഇല്ലെന്ന് വിദ്യാർത്ഥികൾ ജീവനക്കാരോട് പരാതിപ്പെട്ടു. ഇത് വാക്കുതർക്കത്തിലേക്ക് നീങ്ങി.
വിദ്യാർത്ഥികൾ പുറത്തിറങ്ങി ബന്ധുക്കളായ സഹോദരന്മാരെ വിവരമറിയിച്ചു. ഇവർ കടയിലെത്തി ചോദ്യം ചെയ്തതോടെ തർക്കം കയ്യാങ്കളിയായി മാറി. പ്രകോപിതനായ മാനേജർ അടുക്കളയിൽ നിന്ന് കത്തിയുമായി വന്ന് ഇവരെ നേരിടാൻ ശ്രമിച്ചു. തുടർന്ന് എതിർവിഭാഗം കസേര ഉപയോഗിച്ച് മാനേജറെ നേരിടുകയും മർദ്ദിക്കുകയും ചെയ്തു.
തന്റെ മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടിയെന്നും ജീവൻ രക്ഷിക്കാനാണ് കത്തി എടുക്കേണ്ടി വന്നതെന്നുമാണ് മാനേജർ പോലീസിനോട് പറഞ്ഞത്. ചിക്കിംഗ് ജീവനക്കാരാണ് ആദ്യം കയ്യേറ്റം തുടങ്ങിയതെന്നും സഭ്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നുമാണ് വിദ്യാർത്ഥികളുടെയും ബന്ധുക്കളുടെയും വാദം.