ആലപ്പുഴ: കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച കോൺക്രീറ്റ് റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ചമ്പക്കുളം പഞ്ചായത്തിലെ തെക്കേക്കര വളയത്തിൽച്ചിറ റോഡിലാണ് അധികൃതരുടെ അശാസ്ത്രീയ നടപടിയിൽ പ്രതിഷേധം ശക്തമാകുന്നത്.(Concrete road demolished, Protest against installation of drinking water pipes in Champakulam)
മങ്കൊമ്പ്-ചമ്പക്കുളം റോഡിൽ നിന്ന് വശങ്ങളിലൂടെ പൈപ്പ് സ്ഥാപിച്ചു വന്ന കരാർ ഏജൻസി, കോൺക്രീറ്റ് റോഡ് തുടങ്ങുന്ന ഭാഗത്തെത്തിയപ്പോൾ റോഡിന് നടുവിലൂടെ കുഴിയെടുക്കുകയായിരുന്നു. മൂന്ന് മീറ്റർ മാത്രം വീതിയുള്ള ഈ റോഡിന്റെ നൂറ് മീറ്ററോളം ഭാഗം വെള്ളപ്പൊക്കത്തെ അതിജീവിക്കാനായി പ്രത്യേകമായി കോൺക്രീറ്റ് ചെയ്തതാണ്. റോഡിന്റെ വശങ്ങളിലൂടെ പൈപ്പ് സ്ഥാപിക്കാൻ സൗകര്യമുണ്ടായിരിക്കെയാണ് കോൺക്രീറ്റ് നശിപ്പിച്ച് നടുഭാഗം വെട്ടിപ്പൊളിച്ചതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പൈപ്പ് സ്ഥാപിച്ച ശേഷം റോഡ് പുനർനിർമ്മിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഭാവിയിൽ പൈപ്പ് പൊട്ടുകയോ മറ്റ് അറ്റകുറ്റപ്പണികൾ വേണ്ടിവരികയോ ചെയ്താൽ വീണ്ടും റോഡ് പൊളിക്കേണ്ടി വരുമെന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. പാടശേഖരത്തിന് നടുവിലൂടെയുള്ള പ്രധാന റോഡ് ഇത്തരത്തിൽ വെട്ടിപ്പൊളിക്കുന്നത് കാൽനടയാത്രയെയും വാഹന ഗതാഗതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.