
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ(എസ്‌ഐടി) വിശദാംശങ്ങൾ പുറത്തുവിടണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യമുയർത്തിയിരുന്നു. സിനിമ മേഖലയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു മൊഴി നൽകിയ സ്ത്രീകളുടെ സ്വകാര്യതയിൽ ആശങ്ക അറിയിച്ചു. തൊഴിലിടത്തെ ലൈംഗിക പീഡന നിരോധന നിയമപ്രകാരമുള്ള ആഭ്യന്തര സമിതി രൂപീകരിക്കുന്നതിൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി ഡബ്ല്യുസിസി സോഷ്യൽ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയാണ് ഡബ്ല്യുസിസി നേതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. നടിമാരായ രേവതി, റിമ കല്ലിങ്കൽ എന്നിവർക്കു പുറമെ ബീന പോൾ, ദീദി ദാമോദരൻ എന്നിവരും ഉണ്ടായിരുന്നു.