സഖാവ് വിഎസിന്റെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത് ; ടി.എം തോമസ് ഐസക് |Thomas isaac

കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും സമുന്നതനായ നേതാവ്.
 thomas issac
Published on

തിരുവനന്തപുരം : വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തില്‍ ഹൃദയംതൊടുന്ന കുറിപ്പുമായി സിപിഐ എം കേന്ദ്ര കമ്മിറ്റിയം​ഗം ഡോ. ടി എം തോമസ് ഐസക്. കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും സമുന്നതരായ നേതാക്കളിൽ ഒരാൾ ആയിരുന്നു വി എസെന്നും തോമസ് ഐസക് ഫേസ് ബുക്കിൽ കുറിച്ചു.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.....

കേരളത്തിലെ ആദ്യതലമുറ കമ്മ്യൂണിസ്റ്റ് നേതാക്കളിൽ ഏറ്റവും സമുന്നതരായ നേതാക്കളിൽ ഒരാൾ ആയിരുന്നു. സ. വി.എസ്. അച്യുതാനന്ദൻ. സഖാവിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകത തൊഴിലാളികളോടും സാധാരണക്കാരോടുമുള്ള സവിശേഷമായ ജൈവബന്ധമാണ്. പാവപ്പെട്ട തൊഴിലാളി കുടുംബത്തിൽ ജനിച്ച്, തൊഴിലാളിയായി പണിയെടുത്ത്, അവരുടെ സംഘാടകനും നേതാവുമായി. ഇതായിരുന്നു ആലപ്പുഴയിലെ മഹാഭൂരിപക്ഷം കമ്മ്യൂണിസ്റ്റ് നേതാക്കളെപ്പോലെ സ. വിഎസിന്റെ വിപ്ലവപാത.

അച്ഛന്റെയും അമ്മയുടെയും മരണത്തോടെ വിദ്യാഭ്യാസം ഏഴാം ക്ലാസിൽ അവസാനിച്ചു. 1940-ൽ 17-ാം വയസിൽ ആസ്പിൻവാൾ കമ്പനിയിൽ തൊഴിലാളിയായി. യൂണിയൻ പ്രവർത്തനങ്ങളിൽ പങ്കാളിയായി. കമ്മ്യൂണിസ്റ്റു പാർടിയിൽ അംഗവുമായി.

ഇതിനിടയിൽ സ്വന്തം വീടിനു ചുറ്റുപാടുമുള്ള പാടശേഖരങ്ങളിലെ കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ അച്യുതാനന്ദൻ ഇടപെടുന്ന സാഹചര്യമുണ്ടായി. ഒരുപക്ഷേ, ഇത്തരമൊരു മുൻകാല അനുഭവം ഉള്ളതുകൊണ്ടാകാം പിന്നീട് പി. കൃഷ്ണപിള്ള കുട്ടനാട്ടിലെ കർഷകത്തൊഴിലാളി മേഖലയിലേയ്ക്കു വിഎസിനെ നിയോഗിച്ചത്. അതിരൂക്ഷമായ ഏറ്റുമുട്ടലുകളിലൂടെ കർഷത്തൊഴിലാളി യൂണിയൻ പ്രവർത്തനം കുട്ടനാടാകെ വ്യാപിച്ചു. ഇതിൽ പല സമരങ്ങളുടെ സംഘാടനത്തിലും മുന്നിലും വി.എസ്. അച്യുതാനന്ദൻ ഉണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു സൈമൺ ആശാന്റെ സഹായിയായി. അതോടൊപ്പം ചെത്ത് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു മുൻകൈയെടുത്തു. അക്കാലത്ത് അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് സൈമൺ ആശാനും സെക്രട്ടറി വിഎസും ആയിരുന്നു. 2001 വരെ വിഎസ് ഈ യൂണിയന്റെ പ്രസിഡന്റായിരുന്നു.

1943-ൽ പാർടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം കോഴിക്കോട് വച്ചുനടന്നു. വിഎസ് ആലപ്പുഴയിൽ നിന്നുള്ള പ്രതിനിധിയായി പങ്കെടുത്തു. സ. പി. കൃഷ്ണപിള്ളയുടെ നിർദ്ദേശപ്രകാരം മുഴുവൻസമയ പ്രവർത്തകനായി. കുട്ടനാട്ടിൽ നിന്നും തിരിച്ചെത്തിയ സ. വിഎസ് പുന്നപ്ര-വയലാർ സമരത്തിലേക്ക് ആണ്ടിറങ്ങി. വാർഡ് കൗൺസിലുകൾ രൂപീകരിക്കുന്നതിലും ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലും വ്യാപൃതനായി. കളർകോടത്തെയും പുന്നപ്രയിലെയും രണ്ട് ക്യാമ്പുകളായിരുന്നു ചുമതല. ഒക്ടോബർ 24-ന്റെ പൊലീസ് ക്യാമ്പ് ആക്രമണത്തിന്റെ മാർച്ചിൽ നിന്ന് അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നതുകൊണ്ട് നിർദ്ദേശപ്രകാരം പിൻവാങ്ങി. വെടിവയ്പ്പിനെത്തുടർന്നു പൂഞ്ഞാറിലേക്കു പോയി.

പൊലീസ് വലവീശി കാത്തിരിക്കുകയായിരുന്നു. ഒക്ടോബർ 28-ന് അറസ്റ്റ് ചെയ്തു. പാലാ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ലോക്കപ്പിന്റെ അഴികളിലൂടെ കാലുകൾ പുറത്തേക്ക് കെട്ടിയിട്ടാണ് മർദ്ദിച്ചത്. ലോക്കപ്പിനകത്ത് തോക്കിന്റെ പാത്തികൊണ്ട് ഇടിക്കുമ്പോൾ പുറത്ത് ഉള്ളംകാലിൽ ചൂരൽകൊണ്ട് അടിക്കുകയായിരുന്നു. മരിച്ചെന്നുകരുതി കാട്ടിൽ കൊണ്ടുകളയാൻ വണ്ടിയിൽ കൊണ്ടുപോകുന്നനേരം ജീവനുണ്ടെന്നുകണ്ട് ആശുപത്രിയിലാക്കി. മാസങ്ങൾ എടുത്തു കാലുകൾ നേരെയാകാൻ. ആലപ്പുഴയിലെ കേസിൽ ശിക്ഷിച്ചു സെൻട്രൽ ജയിലിലായി.

1948-ൽ പുറത്തുവന്നപ്പോഴേക്കും പാർടി വീണ്ടും നിരോധിച്ചു കഴിഞ്ഞിരുന്നു. 1948-52 കാലത്ത് ഒളിവിൽ കഴിഞ്ഞുകൊണ്ട് അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിൽ പ്രവർത്തിച്ചു. പാർടിയുടെ ജില്ലാ സെക്രട്ടറിയായി. 1954-ൽ സംസ്ഥാന കമ്മിറ്റിയംഗവും. 1956-ൽ കേരള സംസ്ഥാന കമ്മിറ്റി രൂപീകരിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായി. 1958-ലെ ദേവികുളം ഉപതെരഞ്ഞെടുപ്പിന്റെ ചുമതല വിഎസിന് ആയിരുന്നു. റോസമ്മ പുന്നൂസിന്റെ വിജയം പിന്തിരിപ്പന്മാരെ ഞെട്ടിച്ചു.

അവിഭക്ത കമ്മ്യൂണിസ്റ്റ് പാർടിയുടെ 101 അംഗ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോന്ന 32 പേരിൽ ഒരാളായിരുന്നു വിഎസ്. തുടർന്ന് കരുതൽ തടങ്കലിലായി. 1980-1992 കാലത്ത് സിപിഐ(എം)ന്റെ സംസ്ഥാന സെക്രട്ടറിയായി. 1985-2009 കാലത്ത് പാർടി പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. ഏഴ് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടുതവണ പ്രതിപക്ഷനേതാവായിരുന്നു. കേരളത്തിന്റെ മുഖ്യമന്ത്രിയായി. സഖാവിന്റെ മന്ത്രിസഭയിൽ അംഗമായിരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി.

പക്ഷേ, എനിക്ക് വിഎസുമായി ഏറ്റവും കൂടുതൽ അടുത്തു പ്രവർത്തിക്കാൻ കഴിഞ്ഞത് ജനകീയാസൂത്രണ കാലത്തായിരുന്നു. മൂന്ന് വർഷക്കാലം അദ്ദേഹമായിരുന്നു ജനകീയാസൂത്രണ ഉന്നതാധികാരസമിതിയുടെ അധ്യക്ഷൻ.

ജനകീയാസൂത്രണത്തിന് പുതിയൊരു ആവേശം നൽകുന്നതിനും നിർവ്വഹണത്തിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനും പുതിയ അധ്യക്ഷൻ കണ്ടെത്തിയ മാർഗം തദ്ദേശഭരണ സ്ഥാപനങ്ങൾ നേരിട്ടു സന്ദർശിക്കുക എന്നതായിരുന്നു. എന്റെയൊരു കണക്കുകൂട്ടൽ സ. വി.എസ് 200-ഓളം തദ്ദേശഭരണ സ്ഥാപനങ്ങളെങ്കിലും ഇപ്രകാരം സന്ദർശിക്കുകയുണ്ടായിയെന്നാണ്. പലപ്പോഴും പാർട്ടി പരിപാടികൾക്കു പോകുമ്പോൾ അതോടൊപ്പം പഞ്ചായത്തു സന്ദർശനവും നടത്തും. ഓരോ സന്ദർശനവും ആവേശകരമായ അനുഭവങ്ങളായിരുന്നു.

ഭരണാധികാരിയെന്ന നിലയിലും ജനങ്ങളുമായുള്ള വൈകാരിക ബന്ധത്തിനും അടുപ്പത്തിനും ഒരു കുറവുമുണ്ടായില്ല. എന്നാൽ അതോടൊപ്പം ഒട്ടേറെ നൂതനങ്ങളായ വികസന പരിപാടികൾക്കും സഖാവ് തുടക്കംകുറിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചിയിലെ ഐടി വികസനം, മലബാർ പാക്കേജിന് രൂപം നൽകുന്നതിനും നേതൃത്വം നൽകി. ഐടി മേഖലയിൽ സ്വതന്ത്ര സോഫ്ടുവെയറിന് സഖാവ് നൽകിയ പ്രാധാന്യവും ഐസിഫോസിന്റെ (International Centre for Free and Open Source Solutions (ICFOSS)) രൂപീകരണത്തിലേക്കു നയിച്ചു.

സഖാവ് വിഎസിന്റെ വിയോഗം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നത്. കൂടുതൽ അർപ്പണബോധത്തോടെ സഖാവ് ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവർത്തിച്ചുകൊണ്ട് മാത്രമേ ഈ വിടവ് നികത്താനാകൂ.

Related Stories

No stories found.
Times Kerala
timeskerala.com