പരാതി പരിഹാരം അതിവേഗത്തില്‍; മികച്ച സേവനമുറപ്പാക്കി കെഫോണ്‍ കോള്‍സെന്റര്‍

പരാതി പരിഹാരം അതിവേഗത്തില്‍; മികച്ച സേവനമുറപ്പാക്കി കെഫോണ്‍ കോള്‍സെന്റര്‍
Published on

തിരുവനന്തപുരം: ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ശക്തിപ്പെടുത്തി കെഫോൺ ടെക്‌നിക്കൽ കോൾ സെന്റർ. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന കോൾ സെന്റർ സംസ്ഥാനത്തുടനീളം ഉപഭോക്താക്കൾക്ക് വേഗതയാർന്നതും സുതാര്യവുമായ പിന്തുണ ഉറപ്പു നൽകുന്നു. കെഫോൺ ആസ്ഥാനമായ തിരുവനന്തപുരത്താണ് കോള്‍ സെന്റര്‍ പ്രവർത്തിക്കുന്നത്.

ടെക്‌നിക്കൽ ബിരുദധാരികളായ 37 പേരടങ്ങുന്ന സംഘമാണ് കോൾ സെന്ററിൽ സേവനമനുഷ്ഠിക്കുന്നത്. ഇവരിൽ 60 ശതമാനം സ്ത്രീകളാണെന്നത്, ടെക്‌നോളജി മേഖലയിലെ വനിതാ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ കെ-ഫോണിന്റെ പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.

പരാതികൾക്ക് വേഗത്തിലുള്ള പരിഹാരം നൽകുന്നതിനായി L1, L2, L3 എന്നിങ്ങനെ മൂന്ന് തലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഏറ്റവും അത്യാവശ്യമുള്ളതും പ്രഥമ പരിഗണന നൽകേണ്ടതുമായ (P1) പ്രശ്നങ്ങൾ 2–3 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടും. മറ്റ് പരാതികൾ (P2 മുതൽ P4 വരെ) പരാതിയുടെ ഗൗരവത്തിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തിൽ 8 മുതൽ 48 മണിക്കൂറിനുള്ളിൽ തീർപ്പാക്കും.

ആധുനിക ടിക്കറ്റിംഗ് സോഫ്റ്റ്‌വെയറിലൂടെ ഉപഭോക്താക്കളുടെ പരാതികൾ രജിസ്റ്റർ ചെയ്യുമ്പോഴും പരിഹരിച്ചു കഴിയുമ്പോഴും തത്സമയം ഈ വിവരം ഉപഭോതാക്കൾക്ക് SMS മുഖേന ലഭ്യമാകും. കൂടുതൽ സാങ്കേതിക ഇടപെടൽ ആവശ്യമായ സാഹചര്യങ്ങളിൽ നെറ്റ്‌വർക്ക് ഓപ്പറേഷൻസ് സെന്റർ (NOC) പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുകയും, സ്ഥലത്തെ അംഗീകൃത സർവീസ് പങ്കാളികളിലൂടെ സമയബന്ധിതമായ ഓൺ-സൈറ്റ് പരിഹാരം നൽകുകയും ചെയ്യുന്നു.

എന്റർപ്രൈസ് ഉപഭോക്താക്കൾക്കായി സേവനത്തിലുണ്ടാകുന്ന തടസ്സങ്ങൾ മുൻകൂട്ടി കണ്ടെത്തി, 24 മണിക്കൂറിനുള്ളിൽ പരിഹാരം ഉറപ്പാക്കുകയും ചെയ്യുന്നു. ഇതിലൂടെ സ്ഥാപനങ്ങൾക്കും ബിസിനസ് ഉപഭോക്താക്കൾക്കും ഉയർന്ന നിലവാരത്തിലുള്ള സേവനം നൽകാനുള്ള കെ-ഫോണിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.

നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കോളുകൾ ലൈവായി നിരീക്ഷിക്കുന്നതിലൂടെ സേവനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും ഉറപ്പാക്കുന്നു. ഉപഭോക്താക്കൾക്ക് 18005704466 എന്ന ടോൾ-ഫ്രീ നമ്പർ വഴിയോ “എന്റെ കെ-ഫോൺ” മൊബൈൽ ആപ്പ് വഴിയോ എളുപ്പത്തിൽ പരാതി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ https://bss.kfon.co.in/ എന്ന സെൽഫ് കെയർ പോർട്ടലിലൂടെ യൂസർ ഐഡിയും പാസ്വേഡുമുപയോഗിച്ച് ലോഗിൻ ചെയ്ത് പരാതി രജിസ്റ്റർ ചെയ്ത് പരിഹാരം നേടുവാനും സാധിക്കുന്നതാണ്.

സാങ്കേതിക മികവ്, ആധുനിക സംവിധാനങ്ങൾ, വേഗത്തിലുള്ള പ്രശ്നപരിഹാരം എന്നിവ സമന്വയിപ്പിച്ച് പ്രവർത്തിക്കുന്ന കെഫോൺ ടെക്‌നിക്കൽ കോൾ സെന്റർ കേരളത്തിന്റെ ഡിജിറ്റൽ സ്വപ്നങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. മാത്രമല്ല മലയാളത്തിലും ഇംഗ്ലീഷിലും ഉപഭോക്തൃ സേവനം ലഭ്യമാകുന്നതിനാൽ സാധാരണക്കാരായവർക്കും സൗകര്യപ്രദമാണ്.

Related Stories

No stories found.
Times Kerala
timeskerala.com