കോഴിക്കോട്: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ അതിക്രമിച്ചു കയറിയെന്ന പരാതിയിൽ ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. ജി.സി.ഡി.എ. (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് അതോറിറ്റി) നൽകിയ പരാതിയിലാണ് പാലാരിവട്ടം പോലീസ് കേസെടുത്തത്.(Complaint of trespassing at Kaloor Stadium, Case filed against DCC President Mohammed Shiyas)
പാലാരിവട്ടം പോലീസ് ജി.സി.ഡി.എയുടെ പരാതിയിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്യായമായി സംഘം ചേർന്നതിനും അതിക്രമിച്ച് കയറിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. സംഘം സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നും എഫ്.ഐ.ആറിൽ പറയുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് സംഘം അനുമതിയില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചത്. ഡി.സി.സി. പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിനും ദീപ്തി മേരി വർഗ്ഗീസടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കുമെതിരെയാണ് ജി.സി.ഡി.എ. കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
മാധ്യമപ്രവർത്തകർക്കെതിരെയും ജി.സി.ഡി.എ. പരാതി നൽകിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അതിക്രമിച്ചുകയറിയത് വഴി സ്റ്റേഡിയത്തിനകത്തെ ടർഫ് അടക്കമുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജി.സി.ഡി.എയുടെ ആവശ്യം.