തിരുവനന്തപുരം: ഫ്ലാറ്റ് നിർമിച്ച് നൽകാം എന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന പരാതിയിൽ ഷിബു ബേബി ജോണിനെതിരെ പോലീസ് കേസെടുത്തു. കുമാരപുരം സ്വദേശി അലക്സ് നൽകിയ പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസാണ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. (Complaint of fraud by offering flat, Case filed against Shibu Baby John)
ഷിബു ബേബി ജോണിന്റെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള 40 സെന്റ് ഭൂമിയിൽ ഫ്ലാറ്റ് നിർമിച്ച് നൽകാം എന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. ഷിബു ബേബി ജോണിന്റെ സാന്നിധ്യത്തിൽ 15 ലക്ഷം രൂപ രണ്ട് തവണയായി കൈമാറിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. 2022-ൽ പണി പൂർത്തിയാക്കി ഫ്ലാറ്റ് കൈമാറാമെന്നായിരുന്നു ഉറപ്പ് നൽകിയിരുന്നത്.
അഞ്ച് വർഷം പിന്നിട്ടിട്ടും ഫ്ലാറ്റ് നിർമ്മാണം നടക്കാത്തതിനെത്തുടർന്നാണ് അലക്സ് പോലീസിനെ സമീപിച്ചത്. ആദ്യം സിവിൽ കേസാണെന്ന് പറഞ്ഞ് പോലീസ് പരാതി തള്ളിയെങ്കിലും, പരാതിക്കാരൻ മുഖ്യമന്ത്രിയെയും ഡിജിപിയെയും സമീപിച്ചതോടെയാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെ എതിർത്ത് ഷിബു ബേബി ജോൺ രംഗത്തെത്തി.