കൊച്ചി: ഒൻപത് വയസ്സുള്ള മകൾക്ക് നേരെ നടുറോഡിൽ ലൈംഗികാതിക്രമം നടത്തിയ 17-കാരനെ പിടികൂടി പോലീസിൽ ഏൽപ്പിച്ച പിതാവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നതായി പരാതി. പോക്സോ കേസ് ദുർബലപ്പെടുത്താനുള്ള നീക്കമാണിതെന്നാണ് ആരോപണം. പോക്സോ കേസിലെ പ്രതിയുടെ പരാതിയിൽ പെൺകുട്ടിയുടെ പിതാവിനെതിരെ കേസെടുത്ത കടവന്ത്ര പോലീസിൻ്റെ നടപടിയാണ് വിവാദമായത്.(Complaint alleges attempt to frame man in complaint of 17-year-old accused in POCSO case)
കൊച്ചി കടവന്ത്ര പോലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ ഏരിയയിൽ ഇക്കഴിഞ്ഞ ഒക്ടോബർ 25-ന് വൈകിട്ട് നാലരയോടെയാണ് സംഭവം. ഇളയ സഹോദരിക്കൊപ്പം റോഡിൽ സൈക്കിൾ ചവിട്ടാനിറങ്ങിയ ഒൻപത് വയസ്സുകാരിക്ക് നേരെയാണ് 17-കാരൻ്റെ ലൈംഗികാതിക്രമം ഉണ്ടായത്. ഇതിൻ്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ നിലവിലുണ്ട്. അതിക്രമം നടത്തിയശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ കുട്ടിയുടെ പിതാവ് പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
17-കാരനെതിരെ പോക്സോ കേസ് ചുമത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം ജാമ്യം നേടി പുറത്തിറങ്ങി. ജാമ്യം കിട്ടിയതിനു പിന്നാലെയാണ് പ്രതിയായ പതിനേഴുകാരൻ, പെൺകുട്ടിയുടെ പിതാവ് മർദിച്ചെന്ന പരാതിയുമായി പോലീസിനെ സമീപിച്ചത്.