ഉണ്ണി മുകുന്ദനെതിരായ പരാതിയിൽ മാനേജർ പറഞ്ഞ കാര്യങ്ങൾ ശരിയല്ലെന്ന് പൊലീസ്. ഉണ്ണിമുകുന്ദൻ തന്നെ ആക്രമിച്ചുവെന്ന് മാനേജർ വിപിൻ പറഞ്ഞതിന് തെളിവില്ലെന്നും പൊലീസ് പറഞ്ഞു. ഫ്‌ളാറ്റിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആക്രമിച്ചതിന്റെ തെളിവുകൾ കണ്ടെത്താനായില്ലെന്നും ഇൻഫോപാർക്ക് പൊലീസ് നടത്തിയ അന്വേഷണത്തിൽ പറയുന്നു.
അതേസമയം, കാക്കനാട് ഡി.എൽ.എഫ് ഫ്‌ളാറ്റിലെ പാർക്കിങ്ങിൽ വച്ച് ഇരുവരും കാണുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഉണ്ണി മുകുന്ദൻ മാനേജർ വിപിൻകുമാറുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. എന്നാൽ കൈയ്യേറ്റം ചെയ്യുന്നതായി സിസിടിവിയിൽ ഇല്ലെന്നും ഉണ്ണിമുകുന്ദൻ വിപിന്റെ കണ്ണാടി പൊട്ടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ടെന്നും പൊലീസ് അറിയിച്ചു.
മാനേജർ വിപിൻ കുമാർ പരാതി നൽകിയതിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിരുന്നു. വിപിൻ കുമാറിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്തത്. ഉണ്ണിമുകുന്ദൻ മര്‍ദ്ദിച്ചുവെന്നാണ് മുൻ മാനേജർ പൊലീസില്‍ പരാതി നല്‍കിയത്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചുവെന്നാണ് വിപിന്‍ പരാതിയിൽ പറയുന്നത്.