

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പ്രതിയായ ബലാത്സംഗക്കേസിലെ അതിജീവിതയെ പരസ്യമായി അധിക്ഷേപിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി. ഒന്നാം കേസിലെ അതിജീവിത തന്നെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. തന്നെ ആൾക്കൂട്ടത്തിന്റെ ഭീഷണിയിലേക്കും വെറുപ്പിലേക്കും എറിഞ്ഞുകൊടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ശ്രീനാദേവി കുഞ്ഞമ്മ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും പരാതിക്കാരിയെ സംശയിച്ചും സംസാരിച്ചിരുന്നു. "ഞാൻ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമാണ്. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ 'അതിജീവിതന്റെ' (പ്രതിയുടെ) ഭാഗം കൂടി കേൾക്കണം" എന്നതായിരുന്നു ഇവരുടെ പ്രധാന വാദം. ഒന്നാമത്തെ പരാതിയിൽ പീഡന ആരോപണം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിൽ കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.
പുതിയ പരാതിയിലെ വെളിപ്പെടുത്തലുകളെ പരിഹസിക്കുന്ന രീതിയിലായിരുന്നു ശ്രീനാദേവിയുടെ തുടർന്നുള്ള പ്രതികരണങ്ങൾ. പീഡനത്തിന് ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകിയെന്നും ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചെന്നുമുള്ള മൊഴികൾ കേൾക്കുമ്പോൾ സംശയങ്ങൾ തോന്നുന്നുണ്ടെന്നും അവർ പറഞ്ഞിരുന്നു. അതിജീവിതയുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലും കേസിനെ സ്വാധീനിക്കുന്ന രീതിയിലുമുള്ള ഇത്തരം പരാമർശങ്ങൾക്കെതിരെ കർശന നടപടി വേണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.