
റാപ്പർ വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ യുവതി ഹൈക്കോടതിയിൽ ഹർജി നൽകി. തന്റെ വ്യക്തിവിവരം പുറത്തുവിടരുതെന്ന് പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് യുവതി ഹൈക്കോടതിയിൽ ഹർജി നൽകിയത്. യുവതിയുടെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് മൊഴി നൽകാൻ ഹർജിക്കാരിക്കു നോട്ടീസ് നൽകിയിരുന്നു. ഇത് തന്നെക്കുറിച്ചുള്ള വിവരം പുറത്തുപോകാൻ ഇടയാക്കുമെന്നും അതിനാൽ, നോട്ടീസ് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരിയുടെ ആവശ്യം. ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് സർക്കാരിന്റെ വിശദീകരണം തേടി. ജസ്റ്റിസ് സി. പ്രതീപ് കുമാർ വ്യാഴാഴ്ച ഹർജി വീണ്ടും പരിഗണിക്കും.
2020-ൽ ദളിത് സംഗീതത്തെക്കുറിച്ചുള്ള പഠനവുമായി ബന്ധപ്പെട്ട് വേടന്റെ താമസസ്ഥലത്തെത്തിയ ഹർജിക്കാരിക്കുനേരേ ലൈംഗികാതിക്രമം ഉണ്ടായെന്നാണ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ ആരോപിക്കുന്നത്. മുഖ്യമന്ത്രി പരാതി പോലീസിന് കൈമാറുകയായിരുന്നു. ഡോക്ടറായ യുവതിയായിരുന്നു വേടനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ ആദ്യത്തെ പരാതിക്കാരി.
കോഴിക്കോട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റം ഉണ്ടായതിനെത്തുടർന്ന് വിവിധ താമസസ്ഥലങ്ങളില്‍ 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ പീഡനമുണ്ടായെന്നാണ് പരാതി. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും, സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ലൈംഗിക ചൂഷണം നടത്തിയെന്ന യുവ വനിതാ ഡോക്‌ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസെടുത്തത്. 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ തടവും പിഴയും ലഭിക്കാവുന്നതുമായ മാനഭംഗ കുറ്റമാണ് പൊലീസ് വേടനെതിരെ ചുമത്തിയിരുന്നത്.