തിരുവനന്തപുരം: വിദ്യാർത്ഥികൾക്ക് കൂടുതൽ ആശ്വാസകരവും ഗുണപരവുമായ പഠനസാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു. എസ്.സി.ഇ.ആർ.ടി തയ്യാറാക്കിയ രണ്ട് പ്രധാന കരട് റിപ്പോർട്ടുകൾക്കാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.(Communal exploitation will not be vote, says Minister V Sivankutty)
കുട്ടികളുടെ ശാരീരികവും മാനസികവുമായ ഉല്ലാസം ഉറപ്പാക്കാൻ സ്കൂൾ ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കും. ഇതിനായി പാഠപുസ്തകങ്ങളുടെ ക്രമീകരണത്തിലും മാറ്റങ്ങൾ വരുത്തും. ക്ലാസ് മുറികളിലെ ഇരിപ്പിട രീതിയിൽ മാറ്റം വരുത്തി 'ബാക്ക് ബെഞ്ചേഴ്സ്' എന്ന വേർതിരിവ് ഒഴിവാക്കും. പഠനത്തിൽ എല്ലാ കുട്ടികളെയും ഒരുപോലെ ഉൾക്കൊള്ളുന്ന ജനാധിപത്യപരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നതിന് മുൻപ് സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ അഭിപ്രായം തേടാൻ സർക്കാർ തീരുമാനിച്ചു. റിപ്പോർട്ട് എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്.അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് അഭിപ്രായം പറയാം. ജനുവരി 20 വരെ നിർദ്ദേശങ്ങൾ അറിയിക്കാവുന്നതാണ്.
ലഭിക്കുന്ന നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച ശേഷം വരുന്ന അധ്യയന വർഷം (2026-27) മുതൽ തന്നെ പുതിയ രീതികൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. നമ്മുടെ വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദമാക്കാൻ ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം, രാഷ്ട്രീയ നേട്ടങ്ങൾക്കായി വർഗീയ കലാപങ്ങളെ കൂട്ടുപിടിക്കുന്നവർക്ക് തിരിച്ചടി ലഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. മാറാട് വിഷയം വീണ്ടും ചർച്ചയാകുന്നത് രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്നും അത്തരം നീക്കങ്ങൾ വോട്ടായി മാറുമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
"ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും നാടിന് ഒരുപോലെ ഭീഷണിയാണ്. താൽക്കാലിക രാഷ്ട്രീയ മുതലെടുപ്പിനായി വർഗീയ കലാപങ്ങളെ ഉപയോഗിക്കുന്നത് ശരിയല്ല." ഇഡി ഡെപ്യൂട്ടി ഡയറക്ടർ രാധാകൃഷ്ണനെതിരെ കേസെടുത്ത് ജയിലിലടക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെയും ഓഫീസിനെയും മനഃപൂർവം പ്രതിയാക്കാൻ ശ്രമിച്ചത് ഇദ്ദേഹമാണെന്നും കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.
സ്കൂൾ കലോത്സവ വേദികളുടെ പേരിൽ നിന്ന് 'താമര' ഒഴിവാക്കിയത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമായതുകൊണ്ടാണ്. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി വിശദീകരിച്ചു.