"നാൽക്കവലയിൽ ഇരുന്നത് പോലുള്ള കമൻ്റുകൾ, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ, കൂടെപ്പോയി ഇരിക്കാൻ തന്നെ അറപ്പ് തോന്നി"; അക്ബറിന് പണി കൊടുക്കാനുള്ള കാരണം വെളിപ്പെടുത്തി വേദ് ലക്ഷ്മി | Bigg Boss

"ഇത് ഞാൻ അതേ ലാഘവത്തോടെ തള്ളിക്കളയുന്നു, അർഹിക്കുന്നതല്ലേ കൊടുക്കാൻ പറ്റൂ”- തിരിച്ചടിച്ച് അക്ബർ
Ved Lakshmi
Published on

ബിഗ് ബോസ് ഹൗസിലേക്ക് വൈൽഡ് കാർഡുകൾ വഴി എത്തിയവർ മത്സരാർത്ഥികൾക്ക് വൻ പണിയാണ് കൊടുക്കുന്നത്. പണിപ്പുര ടാസ്കിൽ ഒന്ന് അക്ബറിന് ലഭിച്ചു. സീസണിൽ ക്യാപ്റ്റനാവാൻ ഇനി സാധിക്കില്ല എന്നതായിരുന്നു പണി. എന്തുകൊണ്ടാണ് അക്ബറിന് അങ്ങനെയൊരു പണി കൊടുത്തതെന്ന് വൈൽഡ് കാർഡുകളിൽ ഒരാളായ വേദ് ലക്ഷ്മി വെളിപ്പെടുത്തിയിരിക്കുകയാണ്.

വീക്കെൻഡ് എപ്പിസോഡിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തൽ. “നാൽക്കവലയിൽ ഇരുന്നത് പോലുള്ള കമൻ്റുകൾ, സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ. പാട്ട് പാടുന്ന, ഭക്ഷണം കഴിക്കുന്ന വായിൽ നിന്ന് വരുന്ന ഭാഷ. വന്നതിന് ശേഷം കുറച്ചു ദിവസമൊക്കെ ഞാൻ കൂടെ കുറച്ചുസമയം ഇരുന്നു. പിന്നീട് കൂടെപ്പോയിരിക്കാൻ തന്നെ നമുക്ക് അറപ്പ് തോന്നുന്ന രീതിയിലുള്ള വാക്കുകൾ. ഇതാണ് കാരണം. ക്യാപ്റ്റനാക്കാൻ ഒരു യോഗ്യതയും ഞാൻ കണ്ടിട്ടില്ല.”- ലക്ഷ്മി പറഞ്ഞു.

“ഭാഷ വളരെ നല്ല രീതിയിൽ കണ്ട്രോൾ ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ, ഈ വന്നവരാണ് ഇവിടെയുള്ള മറ്റ് മത്സരാർത്ഥികളുടെ വീട്ടുകാരെപ്പറ്റിയും, വിവാഹമോചിതനായ അനീഷേട്ടനെപ്പറ്റിയുമൊക്കെ കഥകൾ പറഞ്ഞത്. ഈ മഹദ്‌വ്യക്തിയാണ് എന്നെ മാന്യത പഠിപ്പിക്കുന്നത്. ഇത് ഞാൻ അതേ ലാഘവത്തോടെ തള്ളിക്കളയുന്നു. ഞാൻ എന്തൊക്കെ വർത്തമാനം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. അർഹിക്കുന്നതല്ലേ കൊടുക്കാൻ പറ്റൂ.”- അക്ബർ തിരിച്ചടിച്ചു.

ഇത്തവണ പ്രേക്ഷകവിധി പ്രകാരം അപ്പാനി ശരതും ശൈത്യയുമാണ് ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തായത്. രേണു സുധി സ്വയം ക്വിറ്റ് ചെയ്യുകയും ചെയ്തു. ​

Related Stories

No stories found.
Times Kerala
timeskerala.com