

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിടത്തെല്ലാം കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യവകുപ്പ്. രോഗവ്യാപനത്തിന് കോളിഫോം ബാക്ടീരിയ കാരണമാകുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പാരിസ്ഥിതിക മലിനീകരണത്തിന്റെ ഭാഗമായിട്ടാണ് ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയ എത്തുന്നത്. അമീബയുടെ പ്രധാനഭക്ഷണം കോളിഫോം ബാക്ടീരിയ ആണ്. സ്വാഭാവികമായും കോളിഫോം ബാക്ടീരിയ വർദ്ധിക്കുന്നിടത്ത് അമീബയും ഉണ്ടാവും. നിലവിൽ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിടത്തെല്ലാം കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ക്ലോറിനേഷൻ പ്രവർത്തനങ്ങൾ കൃത്യമായി നടത്തുക എന്നതാണ് ഇതിനെ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പ് മുന്നോട്ടുവെക്കുന്ന പ്രതിവിധി.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരു മാസത്തിൽ 54 പേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച എട്ടുപേർ മരിക്കുകയും ചെയ്തിരുന്നു.