
തിരുവനന്തപുരം : ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ കുട്ടികൾ മരിച്ച സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. കോൾഡ്രിഫ് സിറപ്പിൻ്റെ സാമ്പിളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്.(Coldrif Cough Syrup intake deaths)
കേരളത്തിൽ നിന്ന് ശേഖരിച്ചത് 170 ബോട്ടിലുകളാണ്. ഇത് കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നാണ് ശേഖരിച്ചത്. അപകടം സൃഷ്‌ടിച്ച എസ്.ആർ 13 ബാച്ച് കേരളത്തിൽ വിൽപ്പനയ്ക്ക് എത്തിച്ചിട്ടില്ല എന്നാണ് നിഗമനം. ഇത് സംസ്ഥാനത്ത് പൂർണ്ണമായും നിരോധിച്ചു.
ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കും
മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലായി 14 കുട്ടികളുടെ ജീവനെടുത്ത ചുമ മരുന്ന് ദുരന്തത്തിൽ ശ്രഷൻ ഫാർമയുടെ ലൈസൻസ് റദ്ദാക്കാൻ നടപടികൾ ആരംഭിച്ചു. ഇവർക്ക് തമിഴ്‌നാട് സർക്കാർ ഉടൻ തന്നെ നോട്ടീസ് നൽകും. കേന്ദ്ര ആരോഗ്യ മന്ത്രാലയം കമ്പനിയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശിച്ചിരുന്നു. പിന്നാലെ ഇവരോട് സംസ്ഥാന സർക്കാർ വിശദീകരണം തേടി. 14 കുട്ടികൾ ഗുരുതരാവസ്ഥയിലാണ്.
കമ്പനി നിർമ്മിച്ച കഫ് സിറപ്പിന്റെ (കോൾഡ്രിഫ്) സാമ്പിളുകളിൽ ഉയർന്ന അളവിൽ വിഷാംശം കണ്ടെത്തിയിരുന്നു. ഒക്ടോബർ 4 ന് തമിഴ്‌നാട്ടിലും മറ്റ് നിരവധി സംസ്ഥാനങ്ങളിലും മായം കലർന്നതായി കണ്ടെത്തിയതിനെ തുടർന്ന് മരുന്ന് നിരോധിച്ചു.
ഒക്ടോബർ 3 ന് സർക്കാർ ഫാർമസ്യൂട്ടിക്കൽ കമ്പനിക്ക് "ഉൽപ്പാദനം നിർത്തുക" എന്ന ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കമ്പനി അടച്ചുപൂട്ടി. "തുടർന്നുള്ള നടപടി എന്ന നിലയിൽ, ശ്രഷൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്ന് ലൈസൻസുകൾ പൂർണ്ണമായി റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മെമ്മോ നൽകിയിട്ടുണ്ട്," തമിഴ്‌നാട് ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യൻ പറഞ്ഞു.