
കൊച്ചി: സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്‌യാർഡ്. നാവികസേനയ്ക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി' എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്. രാജ്യത്തിന്റെ നാവിക പ്രതിരോധ മേഖല, വാണിജ്യ കപ്പൽ നിർമാണം, ഹരിത സമുദ്രഗതാഗതം എന്നിവയിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് കരസ്ഥമാക്കിയ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും നേതൃത്വ മികവിന്റെയും തെളിവാണ് പുതിയ കപ്പലുകൾ. കൂടാതെ, മാരിടൈം ഇന്ത്യ വിഷൻ 2030, ആത്മനിർഭർ ഭാരത് പദ്ധതികൾക്ക് കീഴിൽ സുസ്ഥിര സമുദ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് കരുത്തേകാനും ഇതിലൂടെ സാധിക്കും.
ഇന്ത്യൻ നേവിക്കുവേണ്ടി നിർമിച്ച ആറാമത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലിന്റെ ലോഞ്ചിംഗ് നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥന്റെ പത്നി രേണു രാജാറാം നിർവഹിച്ചു. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള രാജ്യത്തെ ഏറ്റവും വലിയ സക്ഷൻ ഹോപ്പര്‍ ഡ്രഡ്ജർ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി'യുടെ ലോഞ്ചിംഗ് ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (DCI) പ്രതിനിധി ശിരോഭൂഷണം സുജാത നിർവഹിച്ചു. തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസലിന്റെ ലോഞ്ചിംഗ് കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി കാശിവിശ്വനാഥന്റെ പത്നി വസന്ത നിർവഹിച്ചു. അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ രാവിലെയും ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, ഡിസിഐ ഡ്രഡ്ജർ ഗോദാവരി എന്നിവ ഉച്ചയ്ക്ക് ശേഷവുമാണ് നീറ്റിലിറക്കിയത്. ചടങ്ങിൽ നാവികസേന വൈസ് അഡ്മിറൽ ആർ സ്വാമിനാഥൻ, കൊച്ചി പോർട്ട് അതോറിറ്റി ചെയർപേഴ്സൺ ബി കാശിവിശ്വനാഥൻ (IRSME), ഡ്രഡ്ജിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ഡോ. എം അംഗമുത്തു ഐഎഎസ്, പെലാജിക് വിൻഡ് സർവീസസ് സിഇഒ ആന്ദ്രെ ഗ്രോനെവെൽഡ്, കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, നാവികസേനയിലെയും കൊച്ചി കപ്പൽശാലയിലെയും മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നാവികസേനയുടെ ശേഖരത്തിലേക്ക് ആറാമത്തെ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ
നാവികസേനയ്ക്ക് വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന 8 ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ ആറാമത്തേതാണ് നീറ്റിലിറക്കിയത്. രാജ്യത്ത് തദ്ദേശീയമായി രൂപകൽപ്പന ചെയ്തു നിർമിച്ച ഈ അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലിന് 78 മീറ്റർ നീളവും 896 ടൺ ഭാരവുമാണുള്ളത്. മണിക്കൂറിൽ 25 നോട്ടിക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള കപ്പലിൽ അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽനിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപ്പിഡോകൾ, റോക്കറ്റുകൾ, മൈനുകൾ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. 'ഐഎൻഎസ് മഗ്ദല' എന്നാണ് കപ്പലിന്റെ പേര്. നേരത്തെ ഐഎൻഎസ് മാഹി, ഐഎൻഎസ് മാൽവൻ, ഐഎൻഎസ് മാംഗ്രോൾ, ഐഎൻഎസ് മാൽപേ, ഐഎൻഎസ് മുൾക്കി എന്നിങ്ങനെ 5 അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ നാവികസേനയ്ക്ക് കൈമാറിയിരുന്നു. സമുദ്രാതിർത്തിയിൽ സംരക്ഷണ കവചമൊരുക്കാൻ നാവിക സേനയ്ക്ക് കരുത്തേകുന്നതാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമിച്ചു നൽകുന്ന അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പലുകൾ.
രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജർ; ഡിസിഐ ഡ്രഡ്ജ് ഗോദാവരി
ഡ്രഡ്ജിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് (DCI) വേണ്ടി കൊച്ചി കപ്പൽശാല നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറാണ് 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി'. 12,000 ക്യുബിക് മീറ്റര്‍ കപ്പാസിറ്റിയുള്ള സക്ഷൻ ഹോപ്പര്‍ ഡ്രഡ്ജറാണിത്. നെതർലൻഡ്സിലെ റോയൽ ഐഎച്ച്സിയുമായി സഹകരിച്ചാണ് നിർമാണം. 127 മീറ്റർ നീളവും 28.4 മീറ്റർ വീതിയുമാണ് കപ്പലിനുള്ളത്. വലിയ ചരക്കുകപ്പലുകള്‍ക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തില്‍ തുറമുഖ നവീകരണം, കപ്പൽ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 മാർച്ചിലാണ് ഡ്രഡ്ജറിന്റെ നിർമാണം ആരംഭിച്ചത്.
സാങ്കേതികത്തികവിൽ 'ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ'
തീരത്തുനിന്ന് വളരെ അകലെയായി സ്ഥിതിചെയ്യുന്ന കാറ്റാടിപ്പാടങ്ങളുടെ കമ്മീഷനിംഗ്, സര്‍വീസ്, മറ്റു പ്രവൃത്തികള്‍ എന്നിവയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തതാണ് ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ. സാധാരണഗതിയിൽ ഡീസൽ എഞ്ചിനുകൾ പ്രവർത്തിപ്പിക്കാനും, കാറ്റാടിപ്പാടങ്ങളിലെ ടർബൈനുകൾക്കടുത്ത് വളരെ കുറഞ്ഞ വേഗത്തിൽ സഞ്ചരിക്കുമ്പോഴോ, ഡോക്ക് ചെയ്യുമ്പോഴോ വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് കപ്പലിന്റെ നിർമാണം. ഭാവിയിൽ മെഥനോൾ ഇന്ധനമായി ഉപയോഗിക്കാനുള്ള സാങ്കേതിക സൗകര്യത്തോടെയാണ് ഈ കപ്പൽ നിർമിച്ചിരിക്കുന്നത്. മണിക്കൂറില്‍ 13 നോട്ടിക്കല്‍ മൈല്‍ വേഗതയുള്ള കപ്പലിന് 93 മീറ്റര്‍ നീളവും 19.6 മീറ്റര്‍ വീതിയുമാണുള്ളത്. കാർബണിന്റെ പുറംതള്ളൽ കുറയ്ക്കുന്നതിനാവശ്യമായ ക്ലീനര്‍ എനര്‍ജി സംവിധാനങ്ങളോടെ രൂപകൽപ്പന ചെയ്ത ഈ കപ്പല്‍ ഓഫ്‌ഷോർ സാങ്കേതിക വിദഗ്ദ്ധർക്കുള്ള ഒരു ഫ്ലോട്ടിംഗ് ഹോട്ടലായും ഉപയോഗിക്കാം.