
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെ വിചാരണ ചെയ്യാന്‍ കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (SFIO) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ കൂടാതെ, സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി സുരേഷ് കുമാര്‍ അടക്കമുള്ളവരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. യാതൊരു സേവനവും നല്‍കാതെ വീണയുടെ കമ്പനിയായ എക്‌സാലേജിക് സിഎംആര്‍എല്ലില്‍നിന്ന് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് എസ്എഫ്‌ഐഒ അന്വേഷണത്തിലെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
സിഎംആര്‍എല്ലിന്റെ സാമ്പത്തിക ഇടപാടുകളിലെ ദുരൂഹതകളും എസ്എഫ്‌ഐഒ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 182 കോടി രൂപ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പെടെ കമ്പനി വകമാറ്റി നല്‍കിയെന്നാണ് കണ്ടെത്തല്‍. ശശിധരന്‍ കര്‍ത്തയുടെ മരുമകന്‍ അനില്‍ ആനന്ദപ്പണിക്കര്‍ക്ക് 13 കോടി രൂപ കമ്മീഷന്‍ ഇനത്തില്‍ വകമാറ്റി നല്‍കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം , പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. അടുത്തദിവസം തന്നെ എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോർട്ട്.