9 വർഷത്തിനിടെ ആദ്യം: PM ശ്രീ തർക്കത്തിൽ പിണറായി CPIക്ക് മുന്നിൽ കീഴടങ്ങി, ഇടതു മുന്നണി കണ്ടത് ഒറ്റക്കെട്ടായ പോരാട്ടം, MA ബേബിയുടെ ഇടപെടൽ നിർണായകമായി | CPI

ചർച്ചയിൽ മുഖ്യമന്ത്രി കണ്ടത് ഇതുവരെ കാണാത്ത ബിനോയ് വിശ്വത്തെയും സി.പി.ഐ. മന്ത്രിമാരെയും ആയിരുന്നു.
CM Pinarayi Vijayn surrenders to CPI in PM SHRI dispute
Published on

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയതിനെതിരെ സി.പി.ഐ. സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ഒടുവിൽ മുട്ടുമടക്കേണ്ടി വന്നു. ഒൻപത് വർഷത്തിനിടെ ആദ്യമായാണ് ഒരു സുപ്രധാന വിഷയത്തിൽ സി.പി.ഐക്ക് മുന്നിൽ പിണറായി വിജയൻ "കീഴടങ്ങുന്നത്". സർക്കാരിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്ന ഘട്ടം വന്നതോടെ, ഫണ്ടിനേക്കാൾ ആശയമാണ് പ്രധാനമെന്ന സി.പി.ഐ.യുടെ സമീപനത്തിലേക്ക് സി.പി.എമ്മിനും എത്തേണ്ടിവന്നു.(CM Pinarayi Vijayn surrenders to CPI in PM SHRI dispute)

'പിണറായിയുടെ ബി ടീം', 'അധികാരത്തിനായി ആശയം പണയം വെക്കുന്നവർ' തുടങ്ങിയ വിമർശനങ്ങൾ നേരിട്ടിരുന്ന സി.പി.ഐ.യെ സംബന്ധിച്ചിടത്തോളം ഇത് ചരിത്രപരമായ വിജയമാണ്. ഡി. രാജ, ബിനോയ് വിശ്വം, കെ. രാജൻ, പ്രസാദ്, അനിൽ, ചിഞ്ചു റാണി തുടങ്ങിയ സി.പി.ഐ. നേതാക്കളും എ.വൈ.എഫ്., എ.ഐ.എസ്.എഫ്. നേതാക്കളും ചങ്കുറപ്പോടെ ഒറ്റക്കെട്ടായി അണിനിരന്നാണ് 'വല്യേട്ടനെ' തിരുത്തിച്ചത്.

രണ്ട് തവണ കാബിനറ്റിൽ ചർച്ച ചെയ്ത് മാറ്റിവെച്ച പദ്ധതിയിൽ ഒരു ചർച്ചയും കൂടാതെ ഒപ്പിട്ടതാണ് സി.പി.ഐയെ പ്രകോപിപ്പിച്ചത്. മുന്നണി മര്യാദയുടെ ലംഘനത്തിനപ്പുറം ആർ.എസ്.എസ്. നയത്തിന് സി.പി.എം. കീഴടങ്ങി എന്നതായിരുന്നു സി.പി.ഐയുടെ പ്രധാന രോഷം.

ദേശീയതലത്തിൽ ഇടതുപാർട്ടികൾ ഒന്നടങ്കം എതിർത്ത പദ്ധതിയിൽ സി.പി.എം. രഹസ്യമായി കീഴടങ്ങിയത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഭരണം പ്രശ്നമല്ലെന്ന നിലയിലേക്ക് സി.പി.ഐ. കടുപ്പിക്കാൻ കാരണം ഇതാണ്. ദേശീയ നേതൃത്വം ബിനോയ് വിശ്വത്തിന് ബ്ലാങ്ക് ചെക്ക് നൽകിയിരുന്നു.

സെക്രട്ടറിയേറ്റ് യോഗത്തിൽ സി.പി.ഐ. മന്ത്രിമാർ രാജിക്ക് വരെ തയ്യാറായിരുന്നു. ഇതോടെ അപകടം മണത്ത സി.പി.എം., വിദേശത്തുണ്ടായിരുന്ന മുഖ്യമന്ത്രി എത്തിയാൽ എല്ലാം തീരുമെന്ന് വിശ്വസിച്ചു. ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ഒരു മണിക്കൂർ ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടത് ഇതുവരെ കാണാത്ത ബിനോയ് വിശ്വത്തെയും സി.പി.ഐ. മന്ത്രിമാരെയും ആയിരുന്നു.

കാബിനറ്റിലെ തന്റെ സഹപ്രവർത്തകരായ സി.പി.ഐ. മന്ത്രിമാർ രേഖാമൂലം എതിർപ്പ് കത്ത് നൽകുമെന്ന് പിണറായി കരുതിയില്ല. ഒടുവിൽ, സി.പി.ഐയെ ഇതുവരെ ചൊൽപ്പടിക്ക് നിർത്തിപ്പോന്ന സി.പി.എം. പിൻവാങ്ങി. ധാരണാപത്രം മരവിപ്പിക്കാമെന്ന സി.പി.ഐയുടെ ഉറച്ച നിലപാടിന് മുന്നിൽ വേറെ വഴിയില്ലാതെ സി.പി.എം. കീഴടങ്ങുകയായിരുന്നു. ഇതോടെ, യഥാർത്ഥ തിരുത്തൽ ശക്തി സി.പി.ഐ. തന്നെയാണ് എന്ന് ബിനോയിക്കും കൂട്ടർക്കും ഇനി ഉറച്ചുപറയാം.

പിഎം ശ്രീ വിഷയത്തിൽ സി.പി.എം. സംസ്ഥാന നേതൃത്വത്തെ മെരുക്കിയതിൽ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ ഇടപെടൽ നിർണായകമായി. എം.എ. ബേബിയും ബിനോയ് വിശ്വവും തമ്മിൽ മാസ്കറ്റ് ഹോട്ടലിൽ വെച്ച് നടന്ന പ്രഭാത ഭക്ഷണ ചർച്ചയിലാണ് ഭിന്നത പരിഹാരമായത്. ധാരണാപത്രം മരവിപ്പിക്കണം എന്ന് ആവശ്യപ്പെടുന്ന കരട് കത്ത് തയാറായത് ഈ കൂടിക്കാഴ്ചയിലെന്നാണ് വിവരം.

കേന്ദ്ര ഫണ്ടിന് വേണ്ടി മുന്നണി പിളരുന്ന സാഹചര്യം ഉണ്ടാക്കരുതെന്ന് സംസ്ഥാന നേതൃത്വത്തിന് എം.എ. ബേബി മുന്നറിയിപ്പ് നൽകിയിരുന്നു. കാബിനറ്റ് ബഹിഷ്കരണത്തിന് മുൻപ് തന്നെ സമവായം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com