

തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരായ പ്രതിഷേധ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചായ കുടിക്കാനുപയോഗിച്ച കപ്പിലെ വാചകങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ‘Love you to moon and back’ എന്നെഴുതിയ കപ്പാണ് മുഖ്യമന്ത്രി വേദിയിൽ ഉപയോഗിച്ചത്. ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിലായതിന് പിന്നാലെ കേസിലെ അതിജീവിത പങ്കുവെച്ച വൈകാരിക കുറിപ്പിലെ വരികളോട് സമാനമാണ് ഈ വാചകം.
അതേസമയം , മുഖ്യമന്ത്രി കപ്പ് കൈപിടിച്ചിരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് അതിജീവിത സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. "ആ കപ്പിലെ വാചകങ്ങൾക്ക് തന്റെ ഉള്ളിൽനിന്ന് അടർത്തിമാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ടെന്ന്" അതിജീവിത കുറിച്ചു.
രാഹുലിന്റെ അറസ്റ്റിന് പിന്നാലെ അതിജീവിത ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഏറെ വൈകാരികമായിരുന്നു. "കുഞ്ഞാറ്റേ... അമ്മ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു..." എന്ന് തുടങ്ങുന്ന വരികളിൽ തന്റെ വേദനയും പിറക്കാതെ പോയ കുഞ്ഞിനോടുള്ള ക്ഷമാപണവും അവർ രേഖപ്പെടുത്തിയിരുന്നു. ക്രൂരമായ വഞ്ചനയും ശാരീരിക ആക്രമണങ്ങളും നേരിട്ടപ്പോൾ ദൈവം തുണയായെന്നും, തെറ്റായ വ്യക്തിയെ അച്ഛനായി തിരഞ്ഞെടുത്തതിൽ മാലാഖക്കുഞ്ഞുങ്ങൾ ക്ഷമിക്കണമെന്നും കുറിപ്പിൽ പറയുന്നു.
മുഖ്യമന്ത്രി അറിഞ്ഞുകൊണ്ട് ഈ കപ്പ് തിരഞ്ഞെടുത്തതാണോ അതോ യാദൃശ്ചികമാണോ എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിജീവിതയ്ക്ക് സർക്കാർ നൽകുന്ന പിന്തുണയുടെ പ്രതീകാത്മക സൂചനയാണിതെന്ന് ഒരു വിഭാഗം വിലയിരുത്തുന്നു.