'കേരളം നിക്ഷേപ സൗഹൃദമായി' : പി വി സാമി മെമ്മോറിയൽ പുരസ്കാരം കെ മാധവന് സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | CM

കെ. മാധവൻ വ്യവസായ, മാധ്യമ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു
'കേരളം നിക്ഷേപ സൗഹൃദമായി' : പി വി സാമി മെമ്മോറിയൽ പുരസ്കാരം കെ മാധവന് സമ്മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | CM
Published on

കോഴിക്കോട്: ഡിസ്നി ഇന്ത്യയുടെ സ്ട്രാറ്റജിക് ഉപദേശകനും ദൃശ്യമാധ്യമ രംഗത്തെ പ്രമുഖനുമായ കെ. മാധവന് പി.വി. സാമി മെമ്മോറിയൽ ഇൻഡസ്ട്രിയൽ ആൻഡ് സോഷ്യോ കൾച്ചറൽ അവാർഡ് സമ്മാനിച്ചു. കോഴിക്കോട് ശ്രീനാരായണ സെന്റിനറി ഹാളിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം നൽകിയത്. ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ഈ ബഹുമതി.(CM Pinarayi Vijayan presents PV Sami Memorial Award to K Madhavan)

കെ. മാധവൻ വ്യവസായ, മാധ്യമ മേഖലകളിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് പുരസ്കാരം നൽകിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ കഴിയുമെന്ന് പത്ത് വർഷം മുമ്പ് ആരും കരുതിയിരുന്നില്ല, എന്നാൽ അത് ഇപ്പോൾ യാഥാർഥ്യമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

തുടർഭരണം ലഭിച്ചതോടെ കേരളത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കി മാറ്റാൻ കഴിഞ്ഞു. കൊച്ചിയിൽ നടന്ന നിക്ഷേപക സംഗമം വഴി രണ്ട് ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് കേരളത്തിന് ലഭിച്ചത്. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' കാര്യത്തിൽ കേരളം ഒന്നാമതായി. പി.വി. സാമി സമൂഹത്തിന് വെളിച്ചം പകർന്ന വ്യക്തിയാണെന്നും പിണറായി വിജയൻ അനുസ്മരിച്ചു.

പി.വി. സാമി മെമ്മോറിയൽ ട്രസ്റ്റ് ചെയർമാൻ പി.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി കെ. മാധവനെ പൊന്നാടയണിയിച്ചു. കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് പ്രശസ്തിപത്രം സമർപ്പിച്ചു. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ വ്യവസായിയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളുമായിരുന്ന പി.വി. സാമിയുടെ സ്മരണാർത്ഥമാണ് ഈ പുരസ്കാരം. എം.വി. ശ്രേയാംസ് കുമാർ ചെയർമാനും ഡോ. സി.കെ. രാമചന്ദ്രൻ, സത്യൻ അന്തിക്കാട് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.

Related Stories

No stories found.
Times Kerala
timeskerala.com