തിരുവനന്തപുരം : ഗാന്ധി ജയന്തി ദിനത്തിൽ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിൻ്റെ ആശംസകൾ. "ഇന്ന് ഗാന്ധി ജയന്തിയാണ്. സ്വന്തം ജീവിതം തന്നെ ലോകത്തിനുള്ള സന്ദേശമാക്കി മാറ്റുകയാണ് ഗാന്ധിജി ചെയ്തത്. ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമായി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടു എന്ന കാരണത്താലാണ് രാഷ്ട്രപിതാവിനെ ഹിന്ദുത്വ വർഗ്ഗീയ ഭ്രാന്തൻ വെടിവെച്ചു കൊന്നത്. ഇന്ത്യൻ മണ്ണിലെ വിഭജന രാഷ്ട്രീയത്തിനും വിഭാഗീയ ആശയങ്ങൾക്കും ഗാന്ധിജിയും അദ്ദേഹത്തിന്റെ ആശയങ്ങളും പ്രതിബന്ധങ്ങൾ തീർത്തു. അതാണ് വർഗ്ഗീയവാദികളെ പ്രകോപിപ്പിച്ചത്." പിണറായി പറഞ്ഞു. (CM Pinarayi Vijayan on Gandhi Jayanti)
ഇന്ത്യയെന്ന ആശയത്തിനുവേണ്ടി തന്നെയാണ് ഗാന്ധി സ്വന്തം ജീവൻ ബലി നൽകിയത് എന്നും, ഗാന്ധിവധത്തെ തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയായ ആർഎസ്എസിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ തപാല്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് ഇന്നലെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയെ തന്നെ അവഹേളിക്കുന്ന തീരുമാനമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർഎസ്എസിന് ഇങ്ങനെയൊരു അംഗീകാരം നൽകാൻ ഗാന്ധിജയന്തിയുടെ തലേദിവസം തന്നെ തെരഞ്ഞെടുത്തത്, ഗാന്ധി സ്മൃതിപോലും സംഘപരിവാർ ഭയപ്പെടുകയാണെന്നതിന്റെ തെളിവാണ് എന്നും, ഗാന്ധി വധക്കേസിൽ വിചാരണ ചെയ്യപ്പെട്ട സവർക്കറെ സ്വാതന്ത്ര്യസമരത്തിലെ പ്രതീകമായി അവരോധിക്കാൻ തുടർച്ചയായി ശ്രമിക്കുന്നവർക്ക് കേന്ദ്ര സർക്കാർ തലത്തിൽ മറ്റൊരു അംഗീകാരമാണ് ഇപ്പോൾ നൽകിയിട്ടുള്ളത് എന്നും പറഞ്ഞ പിണറായി, ഗാന്ധിജിക്ക് പകരം സവർക്കറെ പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നവരുടെ ഇത്തരം നീക്കങ്ങൾ മതനിരപേക്ഷ സമൂഹം തിരിച്ചറിഞ്ഞ് തുറന്നുകാട്ടുക തന്നെ വേണമെന്നും ആവശ്യപ്പെട്ടു.
ബഹുസ്വരതയേയും സഹവർത്തിത്വത്തേയും ഭയപ്പെടുന്ന ആർഎസ്എസിന്റെ പ്രതിലോമ രാഷ്ട്രീയം, ഗാന്ധി മുന്നോട്ടുവെക്കുന്ന മാനവികതയുടെ രാഷ്ട്രീയത്തിന്റെ നേർവിപരീതമാണ് എന്നും, സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നവർക്കെതിരെയുള്ള നമ്മുടെ ചെറുത്തുനിൽപ്പുകൾക്ക് ഗാന്ധിയുടെ സ്മരണ എക്കാലവും ഊർജ്ജം പകരുമെന്നും പറഞ്ഞ മുഖ്യമന്ത്രി, ഏവർക്കും ഗാന്ധി ജയന്തി ആശംസകളും നേർന്നു.