

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാർക്ക് നിർദ്ദേശം നൽകി. മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം നിർണ്ണായക നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചത്.(CM Pinarayi Vijayan instructs ministers to prepare for assembly elections)
അടുത്ത രണ്ട് മാസത്തിനകം നിലവിലുള്ള വികസന പദ്ധതികൾ പൂർത്തിയാക്കണം. പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ മന്ത്രിമാർ നേരിട്ട് ഇടപെടണം. ഓരോ ജില്ലയുടെയും ചുമതലയുള്ള മന്ത്രിമാർ അവിടുത്തെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തണം.
തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം ആധാരമാക്കിയാണ് മുന്നണികൾ നിയമസഭാ പോരാട്ടത്തിന് തന്ത്രങ്ങൾ മെനയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. ഉപതിരഞ്ഞെടുപ്പിലെ നിലമ്പൂർ വിജയം നൽകിയ ആവേശം നിയമസഭയിലും ആവർത്തിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
നഗരപ്രദേശങ്ങളിൽ പാർട്ടിക്ക് വലിയ വളർച്ചയുണ്ടെന്ന തിരിച്ചറിവിലാണ് ബി.ജെ.പി. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടുനില കൃത്യമായി വിശകലനം ചെയ്ത്, വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകരിച്ച് പ്രത്യേക പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് പാർട്ടി തീരുമാനം. വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടി ഭരണത്തുടർച്ച ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യം. പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കി ജനങ്ങളിലേക്ക് എത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.