തിരുവനന്തപുരം: മലപ്പുറം പാങ്ങ് ജി.എൽ.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും അപകടത്തിൽപ്പെട്ട സംഭവത്തിൽ സർക്കാർ എല്ലാവിധ പിന്തുണയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു (CM Pinarayi Vijayan Valparai Accident). മരണമടഞ്ഞവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം വ്യക്തമാക്കി.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകും. അപകടത്തിൽ പരിക്കേറ്റവർക്ക് ആവശ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രി നിർദ്ദേശം നൽകി. സ്കൂൾ അവധിക്കാലം ആഘോഷിക്കാൻ പോയ ഒരു സംഘം ഇത്തരത്തിൽ അപകടത്തിൽപ്പെട്ടത് അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകുന്നേരം 5.30-ഓടെയാണ് വാൽപ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് അപകടമുണ്ടായത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിൽ നിന്നുള്ള 13 അംഗ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.
ഏഴ് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
അതിരപ്പിള്ളി, മലക്കപ്പാറ എന്നിവടങ്ങൾ സന്ദർശിച്ച ശേഷം മടങ്ങുന്നതിനിടെയാണ് നിയന്ത്രണം വിട്ട വാഹനം കൊക്കയിലേക്ക് പതിച്ചത്. അപകടത്തിൽ ടൂറിസ്റ്റ് ട്രാവലർ പൂർണ്ണമായും തകർന്നു. മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ തമിഴ്‌നാട് സർക്കാരുമായി ചേർന്ന് കേരളം ഏകോപിപ്പിച്ചു വരികയാണ്.
Story Summary: CM Pinarayi Vijayan condoled the death of nine people from Malappuram in the Valparai road accident. He assured all necessary support for the families and directed officials to ensure the best medical care for those injured.

