തിരുവനന്തപുരം : സഖാവ് കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തെ അനുസ്‌മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.(CM pays homage to Kodiyeri Balakrishnan)
കണ്ണൂരിന്റെ ചുവന്ന മണ്ണിൽ നിന്ന് പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ ഇന്ത്യൻ വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃനിരയിൽ എത്തിയ സഖാവിന്റെ രാഷ്ട്രീയ ജീവിതം പാർടിക്കൂറും പ്രത്യയശാസ്ത്രബോധ്യവും സംഘടനാ ശേഷിയും ഒത്തുചേർന്നതായിരുന്നവെന്നും, സംഘടനാ കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു മുഖമുദ്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തലശ്ശേരി കലാപസമയത്ത് വിദ്യാർത്ഥി നേതാവായിരുന്ന ബാലകൃഷ്ണൻ പാർടി സഖാക്കൾക്കൊപ്പം സമാധാനം പുനഃസ്‌ഥാപിക്കാൻ രംഗത്തിറങ്ങിയെന്നും, അടിയന്തരാവസ്ഥക്കാലത്ത് ക്രൂരമായ വേട്ടയാടലിനാണ് ഇരയായത് എന്നും പറഞ്ഞ അദ്ദേഹം, ഭരണകൂട ഭീകരതയെ ചെറുത്തുകൊണ്ട് വിദ്യാർത്ഥി പ്രസ്ഥാനത്തിൻ്റെ ഉജ്ജ്വല നേതൃത്വമായി കോടിയേരി മാറിയെന്നും കൂട്ടിച്ചേർത്തു.
വർഗീയതയും നവലിബറൽ നയങ്ങളും സാധാരണക്കാരന്റെ ജീവിതത്തെ കൂടുതൽ ദുരിതമയമാക്കുന്ന ഇക്കാലത്ത് കോടിയേരിയുടെ ഓർമ്മകൾ പകരുന്ന ഊർജ്ജം നമുക്ക് കരുത്തായി മാറട്ടെ എന്ന് പറഞ്ഞാണ് പിണറായി കുറിപ്പ് അവസാനിപ്പിച്ചത്.