തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്കും മുൻ ധനമന്ത്രി തോമസ് ഐസക്കിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്ത്. ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒത്തുകളിയാണെന്നും നേതാക്കൾ ആരോപിച്ചു. നോട്ടീസ് അയച്ചതിനെ വലിയ കാര്യമായി കാണുന്നില്ലെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.(Close relationship between Narendra Modi and Pinarayi, Ramesh Chennithala on ED notice in masala bond deal)
"മുൻപും നോട്ടീസുകൾ വന്നതാണ്. പക്ഷേ അതെല്ലാം ആവിയായി പോയി. നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മിൽ ഭായ്-ഭായ് ബന്ധമാണുള്ളത്," അദ്ദേഹം ചൂണ്ടിക്കാട്ടി.
മസാല ബോണ്ട് ഇടപാട് ഗൗരവമുള്ളതാണ്, വലിയ കൊള്ളയുടെ കഥയാണ് ഇതിന് പിന്നിലുള്ളത്. എന്നാൽ സത്യസന്ധമായ അന്വേഷണമാണെങ്കിൽ അതിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.