
കോഴിക്കോട്: കോവൂർ ഇരിങ്ങാടൻപിള്ളിയിൽ രാത്രികാല കടകൾക്കെതിരായ ഡിവൈഎഫ്ഐ പ്രതിഷേധത്തിനിടെ സംഘർഷം. രാത്രികാല കടകളുടെ മറവിൽ രാസലഹരി കച്ചവടമാണ് നടക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ ആരോപിച്ചു. കടകൾ പ്രവർത്തകർ അടിച്ചുതകർത്തു.
കഴിഞ്ഞ ദിവസം നാട്ടുകാർ രാത്രികാല കച്ചവടത്തിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ ഡിവൈഎഫ്ഐ പ്രവർത്തകനായ അശ്വിനെ കച്ചവടക്കാർ മർദിച്ചുവെന്ന് ആരോപിച്ചാണ് ഇന്ന് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള പ്രധാനപ്പെട്ട റോഡാണ് കോവൂർ ബൈപ്പാസ്. ഈ റോഡിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണെന്നും നേതാക്കൾ ആരോപിച്ചു.