തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്ത് സംഘടിപ്പിച്ച ഡിജെ പാർട്ടിക്കിടെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ സംഘർഷം. പാർട്ടി നിശ്ചയിച്ച സമയം കഴിഞ്ഞും തുടർന്നതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ ലാത്തിചാർജിൽ കലാശിക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ അറിയിച്ചു.(Clashes during DJ party, Police and SFI activists clash)
രാത്രി 12 മണിയോടെ ഡിജെ പാർട്ടി അവസാനിപ്പിക്കണമെന്ന് പൊലീസ് നിർദ്ദേശിച്ചിരുന്നു. എന്നാൽ സമയം കഴിഞ്ഞിട്ടും പരിപാടി തുടർന്നതോടെ പൊലീസ് ഇടപെട്ടു. ഇതിനിടെ വോളണ്ടിയർമാരായിരുന്ന എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. ശംഖുമുഖം സ്റ്റേഷന് മുന്നിലും സംഘർഷാവസ്ഥ നിലനിന്നു.
പൊലീസ് യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവർത്തകരെ ആക്രമിച്ചതെന്ന് എസ്എഫ്ഐ ആരോപിച്ചു. പരിക്കേറ്റ പ്രവർത്തകർ മദ്യപിച്ചിരുന്നു എന്ന ആരോപണം തെറ്റാണെന്നും വൈദ്യപരിശോധനയിൽ ആരും മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായും അവർ അവകാശപ്പെട്ടു. ആഘോഷങ്ങൾ നിയന്ത്രിക്കാൻ എത്തിയ വോളണ്ടിയർമാരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചതെന്നാണ് സംഘടനയുടെ നിലപാട്.