
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗത്തിൽ പ്രതിഷേധിച്ച് ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തതിനു പിന്നാലെ സംഘർഷം ഉണ്ടായത്.
പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവര്‍ത്തകരെ അതിക്രൂരമായി മര്‍ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.
പോലീസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു.മാർച്ചിൽ പങ്കെടുത്ത സന്ദീപ് വാര്യർ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.
അതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യര്‍ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പോലീസിനെതിരേ പ്രതിഷേധിച്ചു.ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോൾ പോലീസ് തടഞ്ഞില്ലെന്നും വധഭീഷണി മുഴക്കിയപ്പോൾ പ്രശ്നമാക്കിയില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ബിജെപിക്കെതിരെ സമരം നടത്തുമ്പോഴാണ് പൊലീസിന് പ്രശ്നമെന്നും അദ്ദേഹം വിമർശിച്ചു.