കാസർഗോഡ് : ഡിസിസി ഓഫീസിലെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ കോൺഗ്രസ് നേതാവിനെതിരെ അച്ചടക്ക നടപടി. കാസർഗോഡ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സഫ് വാൻ കുന്നിലിനെയാണ് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.
സീറ്റ് വിഭജന തര്‍ക്കത്തെത്തുടർന്നാണ് കാസർകോട് ഡിസിസി ഓഫീസില്‍ കയ്യാങ്കളി ഉണ്ടായത്. ഡിസിസി വൈസ് പ്രസിഡന്റ് ജയിംസ് പന്തമാക്കനും ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വാസുദേവനുമാണ് ഡിസിസി ഓഫീസിനുളളില്‍ വെച്ച് ഏറ്റുമുട്ടിയത്.
പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടർന്ന് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവർക്കെതിരെ ഉറപ്പായും നടപടി ഉണ്ടാകുമെന്ന് ജില്ലയുടെ ചുമതലയുള്ള കെപിസിസി വൈസ് പ്രസിഡന്റ് എം ലിജു പറഞ്ഞിരുന്നു.