കോഴിക്കോട്: പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ വാക്കേറ്റവും കയ്യാങ്കളിയും. സ്റ്റേഷനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച യു.ഡി.എഫ്. നേതാക്കളും പോലീസും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.(Clash in Perambra station, Two UDF leaders in custody, 2 policemen injured)
കസ്റ്റഡിയിലെടുത്തവരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖീഫിൽ, യൂത്ത് ലീഗ് ജില്ലാ പ്രസിഡൻ്റ് മിസ്ഹബ് കീഴരിയൂർ എന്നിവരാണ് ഉൾപ്പെടുന്നത്.
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് പോലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത യു.ഡി.എഫ്. പ്രവർത്തകരെ സന്ദർശിക്കാൻ സ്റ്റേഷനിലെത്തിയപ്പോഴാണ് നേതാക്കളും പോലീസുമായി വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.
പ്രവർത്തകർ കാണാനെത്തുന്ന സമയത്ത് സ്റ്റേഷനുള്ളിൽ തടവുകാരുണ്ടായിരുന്നു. ഇവരെ സന്ദർശിക്കാനായി സ്റ്റേഷനകത്തേക്ക് കയറാൻ ശ്രമിച്ചത് പോലീസ് തടഞ്ഞതിനെ തുടർന്നാണ് തർക്കം കയ്യാങ്കളിയിലേക്ക് എത്തിയത്. തുടർന്ന് ദുൽഖീഫിലിനെയും മിസ്ഹബ് കീഴരിയൂരിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ പ്രതിഷേധവുമായി യു.ഡി.എഫ്. പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ പോലീസുകാർ ആശുപത്രിയിൽ ചികിത്സ തേടി. കസ്റ്റഡിയിലെടുത്തവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.