കോഴിക്കോട്: നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി, കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു. ഈ സംഘർഷത്തിനിടെ ഇടപെടാൻ ശ്രമിച്ച ഒരു യാത്രക്കാരിക്കും പരിക്കേറ്റിട്ടുണ്ട്.(Clash between bus staff and students in Kozhikode, Passenger injured)
സംഘർഷം ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല ഉണ്ടായതെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കത്തിന്റെ തുടക്കം.
തുടർന്ന് സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ ജീവനക്കാരെ ആക്രമിക്കുകയായിരുന്നു. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു യാത്രക്കാരിയെയും വിദ്യാർത്ഥികൾ മർദ്ദിച്ചതായി ജീവനക്കാർ ആരോപിച്ചു.
സംഘർഷത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. സംഭവത്തിൽ പോലീസ് കൃത്യമായ നടപടി എടുക്കുന്നില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് ഈ റൂട്ടിൽ ബസ്സുകൾ പണിമുടക്കുകയാണ്.