കണ്ണൂർ: മുതിർന്ന സി.പി.എം നേതാവ് സി.കെ.പി. പത്മനാഭൻ കോൺഗ്രസിലേക്ക് ചേക്കേറുന്നതായി അഭ്യൂഹങ്ങൾ. ഐഷ പോറ്റിയുടെ പാർട്ടി മാറ്റത്തിന് പിന്നാലെ കണ്ണൂരിലെ മറ്റൊരു മുതിർന്ന നേതാവിനെക്കൂടി ഒപ്പം കൂട്ടാനുള്ള നീക്കത്തിലാണ് കോൺഗ്രസ് എന്നാണ് സൂചനകൾ.(CKP Padmanabhan to join Congress? K Sudhakaran visited his house)
കെ. സുധാകരൻ സി.കെ.പിയുടെ വസതിയിലെത്തി ദീർഘനേരം ചർച്ച നടത്തി. സി.പി.എം നേതൃത്വവുമായി ഏറെ നാളായി ഇടഞ്ഞുനിൽക്കുന്ന അദ്ദേഹം പാർട്ടിക്കെതിരെ പരസ്യമായ നിലപാടുകൾ സ്വീകരിച്ചിരുന്നു.
2011-ൽ കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരിക്കെ, സി.കെ.പിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു. നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 15 തവണ പാർട്ടിക്ക് അപ്പീൽ നൽകിയെങ്കിലും ഒരിക്കൽ പോലും മറുപടി ലഭിച്ചില്ല.
പിന്നീട് മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും കഴിഞ്ഞ സമ്മേളനത്തിൽ അവിടെ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. കണ്ണൂർ ജില്ലയിൽ നിന്നുള്ള ഒരു മുതിർന്ന നേതാവ് കൂടി സി.പി.എം വിടുന്നത് പാർട്ടിയെ സംബന്ധിച്ച് വലിയ ക്ഷീണമാണ്.