
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലാ ഓണം ഫെയര്‍ ഉദ്ഘാടനം ഓഗസ്റ്റ് 26 (ചൊവ്വ) രാവിലെ 10.30ന് മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. സഞ്ചരിക്കുന്ന ഓണചന്തയുടെ ഫ്‌ളാഗ് ഓഫ് ഡെപ്യൂട്ടി സ്പീക്കറും ആദ്യ വില്‍പന ആന്റോ ആന്റണി എംപിയും നിര്‍വഹിക്കും. എംഎല്‍എമാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ആര്‍ ജയശ്രീ തുടങ്ങിയവര്‍ പങ്കെടുക്കും.
സെപ്റ്റംബര്‍ നാല് വരെ മാക്കാംകുന്ന് താഴെതെക്കേതില്‍ ബില്‍ഡിംഗിലാണ് ഓണം ഫെയര്‍. നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാന്‍ഡുകളുടെ കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളും അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും പൊതുവിപണിയേക്കാള്‍ വിലക്കുറവില്‍ ലഭിക്കും.
തിരഞ്ഞെടുത്ത നഗരപാതകളില്‍ സഞ്ചരിക്കുന്ന ഓണം മാവേലി സ്റ്റോറിന്റെ സേവനം ലഭിക്കും. ഓണത്തോടനുബന്ധിച്ച് സപ്ലൈക്കോ തയ്യാറാക്കിയ സമ്മാനപദ്ധതികളും സമൃദ്ധി- സിഗ്നേച്ചര്‍ കിറ്റും ഗിഫ്റ്റ് കൂപ്പണും ഓണം ഫെയറുകളില്‍ നിന്ന് ലഭിക്കും.