

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ (KSRTC) ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിഐടിയു (CITU) സമരം. മാറ്റിനിർത്തപ്പെട്ട മുഴുവൻ ബദൽ ജീവനക്കാരെയും തിരിച്ചെടുക്കണമെന്നാണ് സിഐടിയുവിന്റെ പ്രധാന ആവശ്യം.(CITU strikes again at KSRTC, protest at district centers tomorrow)
സൂപ്പർക്ലാസ് സർവീസുകളിലെ ഡ്യൂട്ടികൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കണമെന്നും യൂണിയൻ ആവശ്യപ്പെടുന്നു. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
നാളെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധർണ നടത്തും. കെഎസ്ആർടിസി ആസ്ഥാന മന്ദിരത്തിന് മുന്നിൽ നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
2025 ഏപ്രിൽ മുതൽ കെഎസ്ആർടിസിയിൽ നിന്ന് 125-ഓളം ബദലി അസിസ്റ്റന്റുമാരെ മാറ്റിനിർത്തിയിരുന്നു. മാറ്റിനിർത്തപ്പെട്ടവരിൽ ഭൂരിപക്ഷവും 50 വയസ്സിന് മുകളിലുള്ളവരാണ്. വർഷങ്ങളായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി ചെയ്യുന്നവരെ കെഎസ്ആർടിസി പരിഗണിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐടിയു പ്രതിഷേധത്തിലേക്ക് കടക്കുന്നത്.