തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. മനുഷ്യകുലത്തിന് പ്രത്യാശയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി യേശുക്രിസ്തുവിന്റെ തിരുപ്പിറവി സ്മരണയിൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടന്നു.(Christmas, Special prayers and services in Kerala)
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും ലിയോ പതിനാലാമൻ മാർപ്പാപ്പ കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ക്രിസ്മസ് ആണിത്. ആറായിരത്തോളം വിശ്വാസികൾ ബസിലിക്കയിൽ നേരിട്ട് ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.
അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് മാർപ്പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബെത്‌ലഹേമിൽ വീണ്ടും മണിമുഴങ്ങി യുദ്ധക്കെടുതികൾ കാരണം കഴിഞ്ഞ രണ്ട് വർഷമായി ആഘോഷങ്ങൾ ഇല്ലാതിരുന്ന യേശുദേവന്റെ ജന്മസ്ഥലമായ ബെത്‌ലഹേമിൽ ഇത്തവണ ക്രിസ്മസ് ആഘോഷങ്ങൾ മടങ്ങിയെത്തി. ഗാസയിലെ യുദ്ധസാഹചര്യങ്ങൾ കാരണം നേരത്തെ ചടങ്ങുകൾ ഒഴിവാക്കിയിരുന്നു. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുർബാനയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
കേരളത്തിലും ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ ദേവാലയങ്ങളിൽ സഭാ മേലധ്യക്ഷന്മാർ തിരുപ്പിറവി ചടങ്ങുകൾക്ക് നേതൃത്വം നൽകി. സിറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നേതൃത്വം നൽകി. പ്രത്യാശയുടെ തീർത്ഥാടകരാകാൻ എല്ലാവർക്കും കഴിയണമെന്ന് അദ്ദേഹം ആശംസിച്ചു.
പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയും, പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ബാവയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിദ്വേഷം പടർത്തുന്നവരുടെ ഹൃദയങ്ങളിൽ വെളിച്ചമുണ്ടാകാൻ പ്രാർത്ഥിക്കണമെന്ന് ക്ലീമിസ് ബാവ സന്ദേശം നൽകി. കൊല്ലം ഇടമണ്ണിൽ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയും, ആരക്കുന്നം സെന്റ് ജോർജ്ജ് പള്ളിയിൽ ബസേലിയോസ് ജോസഫ് പ്രഥമൻ കാതോലിക്കാ ബാവയും കാർമികത്വം വഹിച്ചു.
കോഴിക്കോട് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കലും, എറണാകുളത്ത് ആർച്ച് ബിഷപ്പ് ഡോ. മാർ ജോസഫ് കളത്തിപ്പറമ്പിലും ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ക്രിസ്മസ് ആഘോഷങ്ങൾക്കിടെ വിശ്വാസികൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ സഭാ മേലധ്യക്ഷന്മാർ ആശങ്ക രേഖപ്പെടുത്തി. പാലക്കാട് കരോൾ സംഘത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമാണെന്ന് ഡോ. വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ഗൾഫ് മേഖലയിലെ പള്ളികളിലും വിപുലമായ രീതിയിൽ തിരുപ്പിറവി ആഘോഷങ്ങൾ നടന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പള്ളികളിൽ സന്ധ്യാ നമസ്കാരവും വിശുദ്ധ കുർബാനയും നടന്നു. റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.