ക്രിസ്മസ് തിരക്ക്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു | Christmas

നിരക്ക് ഇനിയും വർധിക്കും
ക്രിസ്മസ് തിരക്ക്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു | Christmas
Updated on

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര അവധിക്കാലമായതോടെ ബെംഗളൂരുവിൽ നിന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള യാത്രാനിരക്ക് കുത്തനെ ഉയർത്തി സ്വകാര്യ ബസുകൾ. ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനങ്ങൾ പതിവായി റദ്ദാക്കുന്നതും ട്രെയിനുകളിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതും യാത്രക്കാർക്ക് തിരിച്ചടിയായി.(Christmas rush, Private bus ticket prices from Bengaluru to Kerala soar)

പ്രധാനമായും മലയാളികൾ ഉൾപ്പെടെയുള്ള ഇതര സംസ്ഥാനക്കാർ അവധിക്കായി സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന സാഹചര്യം മുതലെടുത്താണ് നിരക്ക് വർധന. കേരള, കർണാടക ആർടിസി ബസുകളിലും ടിക്കറ്റുകൾ കിട്ടാനില്ലാത്ത സ്ഥിതിയുണ്ട്. ഗോവ, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സ്വകാര്യ ബസുകളും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.

ക്രിസ്മസ് യാത്രാ തിരക്കേറുന്ന ഡിസംബർ 23, 24 തീയതികളിൽ കൊച്ചിയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായി ഉയർന്നു. സാധാരണ ദിവസങ്ങളിൽ 3,500 മുതൽ 5,000 രൂപ വരെയായിരുന്ന ടിക്കറ്റുകൾ ഇപ്പോൾ 7,000 മുതൽ 8,500 രൂപ വരെയാണ്. ഡിസംബർ 23ന് ആകാശ എയർ - 8,156 രൂപ, ഇൻഡിഗോ - 7,100 രൂപ, എയർ ഇന്ത്യ എക്സ്പ്രസ് - 8,409 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. രണ്ടാഴ്ചയോളം അവശേഷിക്കുന്നതിനാൽ ഈ നിരക്കുകൾ ഇനിയും വർധിക്കാൻ സാധ്യതയുണ്ട്.

ക്രിസ്മസ് അവധിക്കാല യാത്രയുടെ തുടക്കത്തിൽ തന്നെ സ്വകാര്യ ബസുകൾ വൻ തുകയാണ് ഈടാക്കുന്നത്. എറണാകുളത്തേക്ക് നിലവിൽ 2,000 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. പതിവ് നിരക്കിനേക്കാൾ 200–300 രൂപ അധികം ആണിത്. ഡിസംബർ 19ന് കൊച്ചിയിലേക്ക് സ്വകാര്യ ബസിലെ ടിക്കറ്റിന് പരമാവധി 6,000 രൂപ വരെയാണ് നിരക്ക്. കുറഞ്ഞ നിരക്ക് 1,700 രൂപയാണെങ്കിലും, അന്ന് സർവീസ് നടത്തുന്ന 122 ബസുകളിൽ എൺപതോളം ബസുകളിലും 3,000 രൂപയ്ക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.

തുടർന്ന് ക്രിസ്മസ് വരെയുള്ള ദിവസങ്ങളിൽ പതിവ് നിരക്കിന്റെ ഇരട്ടിയിലധികമാണ് മിക്ക ബസ് ഓപ്പറേറ്റർമാരും ഈടാക്കുന്നത്. യാത്രാ ദിവസം അടുക്കുംതോറും നിരക്ക് ഇനിയും വർധിക്കും. മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലും സമാനമായ നിരക്ക് വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com