തിരുവനന്തപുരം: കേരളം ആകാംക്ഷയോടെ കാത്തിരുന്ന 2026-ലെ ആദ്യ ബമ്പർ നറുക്കെടുപ്പിൽ 20 കോടിയുടെ ഒന്നാം സമ്മാനം കോട്ടയം ജില്ലയിലേക്ക് എന്ന് സൂചന. XC 138455 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഇത്തവണത്തെ ഭാഗ്യശാലി. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിന് സമീപമുള്ള 'ന്യൂ ലക്കി സെന്റർ' എന്ന സ്ഥാപനം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ സുദീക് എന്ന ഏജന്റാണ് ഈ ഭാഗ്യടിക്കറ്റ് വിറ്റത്.(Christmas New Year Bumper, Huge jump in ticket sales)
ഇത്തവണ ബമ്പർ ടിക്കറ്റ് വിപണിയിൽ വൻ കുതിപ്പാണ് ദൃശ്യമായത്. ആകെ 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം ഇത് 47,65,650 ആയിരുന്നു. 400 രൂപയായിരുന്നു ടിക്കറ്റ് വില. ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണയും പാലക്കാട് ജില്ലയാണ് മുന്നിൽ (13,09,300 ടിക്കറ്റുകൾ).
5,91,100 ടിക്കറ്റുകൾ വിറ്റ തൃശൂർ രണ്ടാം സ്ഥാനത്തും, 5,55,920 ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഒന്നാം സമ്മാനം: 20 കോടി രൂപ (ഒരാൾക്ക്), രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക്, മൂന്നാം സമ്മാനം: 10 ലക്ഷം രൂപ വീതം 20 പേർക്ക്, നാലാം സമ്മാനം: 3 ലക്ഷം രൂപ വീതം 20 പേർക്ക്, അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 20 പേർക്ക് എന്നിങ്ങനെയാണ്.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com വഴി ഫലം ഒത്തുനോക്കാവുന്നതാണ്. സമ്മാനാർഹർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്.