ക്ഷീരകർഷകർക്ക് ക്രിസ്തുമസ് സമ്മാനം: കേരള ഫീഡ്സ് 'എലൈറ്റും' 'മിടുക്കിയും' ഇനി പ്രത്യേക വിലക്കിഴിവോടുകൂടി 20 കിലോ പായ്ക്കറ്റുകളിലും

ക്ഷീരകർഷകർക്ക് ക്രിസ്തുമസ് സമ്മാനം: കേരള ഫീഡ്സ് 'എലൈറ്റും' 'മിടുക്കിയും' ഇനി പ്രത്യേക വിലക്കിഴിവോടുകൂടി 20 കിലോ പായ്ക്കറ്റുകളിലും
Updated on

സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിന്റെ ജനപ്രിയ കാലിത്തീറ്റകളായ 'എലൈറ്റും' 'മിടുക്കി'യും ഇനി മുതൽ 20 കിലോയുടെ ചെറിയ ചാക്കുകളിൽ ലഭ്യമാകും. പ്രത്യേക വിലക്കിഴിവോടെയാണ് ഇവ വിപണിയിലെത്തുന്നത്: 'കേരള ഫീഡ്സ് എലൈറ്റ്' 20 കിലോയുടെ പായ്ക്കറ്റ് 596 രൂപയ്ക്കും 'കേരള ഫീഡ്സ് മിടുക്കി' 20 കിലോ പായ്ക്കറ്റ് 528 രൂപയ്ക്കും ലഭ്യമാക്കും. മൃഗസംരക്ഷണം, ക്ഷീരവികസനം വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഡിസംബർ 24ന് ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ക്ഷീരകർഷകർക്കുള്ള ക്രിസ്തുമസ്-പുതുവത്സര സമ്മാനമായാണ് 20 കിലോയുടെ പുതിയ പായ്ക്കറ്റുകൾ പുറത്തിറക്കുന്നതെന്ന് കേരള ഫീഡ്സ് മാനേജിങ് ഡയറക്ടറും മൃഗസംരക്ഷണം, ക്ഷീരവികസനം അഡിഷണൽ സെക്രട്ടറിയുമായ ഷിബു എ. റ്റി. പറഞ്ഞു. നിലവിൽ 50 കിലോയുടെ ചാക്കുകളിൽ മാത്രം ലഭ്യമായിരുന്ന ഈ കാലിത്തീറ്റകൾ കുറഞ്ഞ അളവിൽ ലഭ്യമാകുന്നത് ചെറുകിട കർഷകർക്ക് വലിയ ആശ്വാസമാകുമെന്നും മാനേജിങ് ഡയറക്ടർ കൂട്ടിച്ചേർത്തു.

മന്ത്രി ജെ. ചിഞ്ചുറാണിയുടെ ചേമ്പറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കേരള ഫീഡ്സ് മാനേജിങ് ഡയറക്ടറും മൃഗസംരക്ഷണം, ക്ഷീരവികസനം അഡീഷണൽ സെക്രട്ടറിയുമായ ഷിബു എ. റ്റി., കെ.എൽ.ഡി. ബോർഡ് മാനേജിങ് ഡയറക്ടർ ഡോ. ആർ. രാജീവ്, ഡയറി ഡിപ്പാർട്‌മെന്റ് ജോയിന്റ് ഡയറക്ടർ ഷീബ ഖമർ, കേരള ഫീഡ്സ് ഫിനാൻസ് മാനേജർ രാജാശേഖരൻ കെ. എൻ., മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ ഷൈൻ എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com